പാലോട്: സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും കരുതലിൽ വികസനക്കുതുപ്പിലാണ് പാലോട് സർക്കാർ ആശുപത്രി. രണ്ട് കോടിയുടെ വികസനമാണ് ഇവിടെയൊരുക്കിയത്. ആദിവാസി മേഖലയുടെ ആശ്രയമായ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ യൂണിറ്റ്, എക്സ്റേ യൂണിറ്റ്, ഡീ അഡിക്ഷൻ സെന്റർ, പുരുഷൻമാരുടെ വാർഡ് നവീകരിച്ചു. മലയോരത്ത് പെരുകുന്ന ആത്മഹത്യകളെക്കുറിച്ചുള്ള അന്വേഷണം അവസാനിച്ചത് മദ്യാസക്തിയിലാണ്. ഇതേത്തുടർന്നാണ് 38 ലക്ഷം രൂപയുടെ ഡി-അഡിക്ഷൻ യൂണിറ്റ് ആരംഭിച്ചത്. 30 ലക്ഷത്തിന് പാലിയേറ്റീവ് രോഗികളുടെ കിടത്തി ചികിത്സയ്ക്കുള്ള കെട്ടിടവും നിർമ്മിച്ചു. പുരുഷൻമാരുടെ വാർഡ് നവീകരണത്തിനുള്ള 8,51000 രൂപ ഡി.കെ. മുരളി എം.എൽ.എയുടെ ഫണ്ടിൽ നിന്നനുവദിച്ചു. 35 ലക്ഷം രൂപയുടെ ഡിജിറ്റൽ എക്സറേ യൂണിറ്റ് ഉടൻ പ്രവർത്തനം തുടങ്ങും.
സ്ത്രീകളുടെ വാർഡിനോടനുബന്ധിച്ചുള്ള കുട്ടികളുടെ ചികിത്സാ വിഭാഗത്തിൽ ലിഫ്റ്റുൾപ്പെടെയുള്ള നിർമ്മിക്കുന്നുണ്ട്. 50 ലക്ഷം രൂപയാണ് ചെലവ്. അടിസ്ഥാന സൗകര്യങ്ങൾക്കായി 1.5 ലക്ഷവും ചെലവഴിച്ചു. മാലിന്യ സംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റും സജ്ജമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് ഏഴ് ഡോക്ടർമാരുമുണ്ട്. ആരോഗ്യ ഇൻഷ്വറൻസുള്ള രോഗികൾക്ക് പ്രത്യേക കൗണ്ടറും മികച്ച സൗകര്യങ്ങളോട് കൂടിയ പേ വാർഡും, ഫാർമസിയും ഇവിടെയുണ്ട്. 108 ഉൾപ്പെടെ രണ്ട് ആംബുലൻസുകളുടെ സേവനവും ഉറപ്പാക്കി. പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പൂർത്തിയായ പദ്ധതികൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.