ലുസാക: രണ്ട് ദശാബ്ദത്തിലേറെ രാജ്യത്ത് 'ഭാഗ്യം വിതച്ച' 'മാഫിഷി' മത്സ്യത്തിന്റെ വിയോഗത്തിൽ വിതുമ്പുകയാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സാംബിയ.
പ്രസിഡന്റ് എഡ്ഗർ ലുംഗു പോലും മത്സ്യത്തിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സർവകലാശാലയായ കോപ്പർബെൽറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ കുളത്തിലാണ്
' മാഫിഷി ' എന്ന് പേരുള്ള വലിയ മത്സ്യം കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി ജീവിച്ചിരുന്നത്. മാഫിഷിയുടെ മരണത്തെ തുടർന്ന് കോപ്പർബെൽറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ മെഴുകുതിരികൾ കത്തിച്ച് കാമ്പസിനുള്ളിൽ അണിനിരന്ന് ദുഃഖം ആചരിച്ചു.
മാഫിഷിയുടെ പേരിൽ ഹാഷ്ടാഗ് ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിംഗ് ആണ്. മാഫിഷി തങ്ങൾക്ക് പരീക്ഷയിൽ ഭാഗ്യം കൊണ്ടു വരുമെന്നായിരുന്നു വിദ്യാർത്ഥികളുടെ വിശ്വാസം. സാംബിയയിലെ ബെംബ ഭാഷയിൽ മാഫിഷി എന്നാൽ വലിയ മത്സ്യം എന്നാണ് അർത്ഥം. മാഫിഷിയ്ക്ക് കുറഞ്ഞത് 22 വയസ് പ്രായമെങ്കിലുമുണ്ടെന്നാണ് കരുതുന്നത്. മാഫിഷിയുടെ മരണകാരണത്തെ പറ്റി അന്വേഷണം നടക്കുന്നതായി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് പറയുന്നു. മാഫിഷിയുടെ മൃതദേഹം എംബാം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവർ. ചിലർ പരീക്ഷ എളുപ്പമാകാൻ വേണ്ടിയാണെങ്കിൽ മറ്റു ചിലർ മനഃക്ലേശം കുറയ്ക്കാനാണ് മാഫിഷിയെ ആരാധിച്ചിരുന്നത്. കോപ്പർബെൽറ്റ് യൂണിവേഴ്സിറ്റിയുടെ പ്രതീകമായിരുന്നു മാഫിഷി.