മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ തല വെട്ടിമാറ്റിയ നിലയിൽ മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം റെയിൽപാളത്തിൽ കണ്ടെത്തി. എൽ മുൻഡോ ദെ വെറാക്രൂസ് എന്ന പത്രത്തിന്റെ റിപ്പോർട്ടറായ ജൂലിയോ വാൽഡിവിയയ്ക്കാണ് ദാരുണാന്ത്യം.
സംഘർഷ സാഹചര്യം നിലനിൽക്കുന്ന കിഴക്കൻ മെക്സിക്കോയിലെ ടെസോനാപ മുനിസിപ്പാലിറ്റിയിലെ മലനിരകളിലുള്ള റെയിൽപ്പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം മെക്സിക്കോയിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ മാദ്ധ്യമപ്രവർത്തകനാണ് ഇദ്ദേഹം.
മാദ്ധ്യമപ്രവർത്തകർ ഏറ്റവുമധികം ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് മെക്സിക്കോ. 2000മുതൽ 100ൽ അധികം മാദ്ധ്യമപ്രവർത്തകരാണ് ഇവിടെ മരിച്ചത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.