ലണ്ടൻ: കൊവിഡ് വാക്സിൻ സ്വീകരിച്ച ബ്രിട്ടീഷ് യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂർവവും ഗുരുതരവുമായ അസുഖമെന്ന് അസ്ട്രാസെനെക. സ്ത്രീക്ക് 'ട്രാൻവേഴ്സ് മൈലൈറ്റീസ്' എന്ന രോഗാവസ്ഥയാണെന്ന് അസ്ട്രാസെനെക സി.ഇ.ഒ പാസ്കൽ സോറിയറ്റ് പറഞ്ഞു.
വാക്സിൻ സ്വീകരിച്ച സ്ത്രീക്ക് അപൂർവ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഓക്സ്ഫോഡ് അസ്ട്രാസെനെകയുടെ കൊവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിറുത്തിവച്ചത്. എന്നാൽ രോഗി സുഖം പ്രാപിച്ചുവരികയാണെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നും അസ്ട്രാസെനെക സി.ഇ.ഒ പറഞ്ഞു.
കൊവിഡ് വാക്സിൻ ആഗോള പരീക്ഷണങ്ങൾ താത്കാലികമായി നിറുത്തി വച്ചിരിക്കയാണ്. അടുത്തയാഴ്ചയോടെ പരീക്ഷണങ്ങൾ പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അസ്ട്രാസെനെകയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചെന്നാണ് വിവരം.
ജൂലായ് 20നാണ് ഓക്സ്ഫോഡ് സർവകലാശാല കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിൻ തയ്യാറായാൽ അതിന്റെ ഉത്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയെ ഓക്സ്ഫോഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തിരഞ്ഞെടുത്തിട്ടുണ്ട്. 2021 ജനുവരിയോടെ വാക്സിൻ വിപണിയിൽ എത്തുമെന്നായിരുന്നു വിലയിരുത്തൽ.