ചിറയിൻകീഴ്: അരങ്ങിലെ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമായി നാടക കലാകാരന്മാർ മൊബൈൽ സ്ക്രീനിലേക്ക്. 'ചേട്ടായീസ് മീഡിയ" എന്ന യൂ ട്യൂബ് ചാനലിലെ 'എരിവും പുളിയും" എന്ന വെബ് സീരീസിലാണ് അനിൽ ആറ്റിങ്ങൽ, വി.ആർ. സുരേന്ദ്രൻ, കൂന്തള്ളൂർ വിക്രമൻ എന്നിവർ ഒന്നിക്കുന്നത്. കൊവിഡ് പ്രതിസന്ധികളുടെ അതിജീവനത്തിന്റെ ഭാഗമായാണ് പുതിയ സംരംഭം. നിത്യജീവിതത്തിലെ ചെറിയ നർമ്മങ്ങളാണ് എരിവും പുളിയും കൈകാര്യം ചെയ്യുന്നത്. വി.ആർ. സുരേന്ദ്രനാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത്. എ.കെ. നൗഷാദാണ് ആദ്യ രണ്ട് എപ്പിസോഡുകൾ സംവിധാനം ചെയ്തത്. സഹസംവിധാനം ഷാജി ടി.ടി, കാമറ, എഡിറ്റിംഗ് പ്രേംജിത്ത് ചിറയിൻകീഴ്, ക്രിയേറ്റീവ് ഹെഡ് കൂന്തള്ളൂർ വിക്രമൻ, പ്രോജക്ട് ഡിസൈനർ അനിൽ ആറ്റിങ്ങൽ എന്നിവരാണ് വെബ്സീരീസിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. വരും എപ്പിസോഡുകളിൽ സിനിമാ സീരിയൽ താരങ്ങളും പുതുമുഖ താരങ്ങളും വ്യത്യസ്ഥ രചയിതാക്കളും സംവിധായകരും എരിവും പുളിക്കും വേണ്ടി അണിനിരക്കും.