കോന്നി : മെഡിക്കൽ കോളേജ് റോഡിൽ തകർന്നുകിടന്ന വട്ടമൺ ഭാഗത്തെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. വട്ടമൺ - നെടുപാറ റോഡ് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചിട്ടും റോഡ് തകർന്ന നിലയിലായിരുന്നു.
ജില്ലാ പഞ്ചായത്തിൽ നിന്ന് റോഡ് നവീകരണത്തിന് പദ്ധതി തയ്യാറാക്കാതിരുന്നതിനെ തുടർന്നാണ് എം.എൽ.എ ഫണ്ട് അനുവദിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ എം.എൽ.എ വിലയിരുത്തി. 4 മീറ്റർ വീതിയിൽ ഇന്റർലോക്ക് കട്ടകൾ പാകിയാണ് റോഡ് ഗതാഗതയോഗ്യമാക്കുന്നത്. സൈഡ് കോൺക്രീറ്റും ചെയ്യും.
പകലും രാത്രിയും ഒരുപോലെ നിർമ്മാണ പ്രവർത്തനം നടത്താനാണ് നിർദ്ദേശം നല്കിയിട്ടുള്ളത്.
മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതോട് ധാരാളം വാഹനങ്ങൾ ഈ പ്രദേശത്തേയ്ക്ക് എത്തും.
കെ.എസ്.ആർ.ടി.സി ബസുകളും തുടർച്ചയായി സർവ്വീസ് നടത്തും.നിലവിലെ റോഡ് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന നിലയിലായിരുന്നു. അതിനാലാണ് അടിയന്തരമായി ഫണ്ട് അനുവദിച്ച് നാലു ദിവസം കൊണ്ട് പണി പൂർത്തിയാക്കുന്നത്.
കെ.യു.ജനീഷ് കുമാർ എം.എൽ.എ
............................................................................................................................
കാണാനും നിരവധിപേർ
കോന്നി: മലയോര ജില്ലയുടെ ചിരകാല സ്വപ്നമായ കോന്നി മെഡിക്കൽ കോളേജ് കാണാനും നിരവധിപേർ എത്തുന്നു. ക്ലീനിംഗ് ജോലികൾ പുരോഗമിക്കുന്നതിനാൽ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശനത്തിന് നിയന്ത്റണമുണ്ട്. എങ്കിലും മെഡിക്കൽ കോളേജ് മന്ദിരം കാണുക എന്ന ഉദ്ദേശത്തോടെയാണ് ആളുകൾ എത്തുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ കുടുംബമായാണ് പലരും എത്തുന്നത്.
മെഡിക്കൽ കോളേജിന്റെ പശ്ചാത്തലത്തിൽ ചിത്രവുമെടുത്താണ് മടങ്ങുന്നത്. മെഡിക്കൽ കോളേജിലേക്ക് വരുന്ന നാലുവരിപാതയും ഫോട്ടോ ചിത്രീകരിക്കാനെത്തുന്നവരുടെ ഇഷ്ട ലൊക്കേഷനാണ്. ഉദ്ഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചു നില്ക്കുന്ന എം.എൽ.എയെ കണ്ട് സന്തോഷവും പങ്കിട്ടാണ് പലരും മടങ്ങുന്നത്.