ഡ്രൈവിംഗ് സ്കൂളുകൾ തിങ്കളാഴ്ച മുതൽ
ആലപ്പുഴ: ഡ്രൈവിംഗ് പഠിക്കണമെന്ന മോഹം ആറ് മാസമായി മനസിലൊതുക്കി കഴിഞ്ഞവർക്ക് ഇനി ആശ്വസിക്കാം. ലോക്ക് ഡൗണിനെത്തുടർന്ന് അടച്ചിട്ട ഡ്രൈവിംഗ് സ്കൂളുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും.
നിയന്ത്രണങ്ങളോടെയാണ് അനുമതിയെങ്കിലും, വീണ്ടും ജോലി തുടരാനുള്ള അവസരം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഡ്രൈവിംഗ് പരിശീലകർ. മാസങ്ങളായി ഓട്ടമില്ലാത്തതിനാൽ വാഹനങ്ങൾ പലതും കട്ടപ്പുറത്താണ്. ഇവ പ്രവർത്തനയോഗ്യമാക്കാനുള്ള മുതൽമുടക്ക് കണ്ടെത്താനുള്ള ഓട്ടത്തിലാണ് പലരും. പാതി വഴിക്ക് പഠനം നിലച്ചുപോയവരുടെ പരിശീലനം പൂർത്തിയാക്കിയിട്ടേ പുതിയ ബാച്ച് തുടങ്ങൂ.
മിക്കവർക്കും ടച്ച് വിട്ട് പോയിക്കാണും. മുൻകൂട്ടി പണം വാങ്ങിയിരുന്നതിനാൽ രണ്ടാം ഘട്ട പരിശീലനത്തിന്റെ പേരിൽ ഫീസ് ഈടാക്കാനാവില്ല. പരിശീലകന്റെ നിരക്കും ഇന്ധന ചെലവുമുൾപ്പടെ ഡ്രൈവിംഗ് സ്കൂളുകൾ വഹിക്കണം. വാഹനത്തിന്റെ ഇൻഷുറൻസ്, സി.സി അടക്കമുള്ള തലവേദനകൾ വേറെ. മുഴുനീള പരിശീലനത്തിനായി ഡ്രൈവിംഗ് സ്കൂളുകൾ തേടി വരുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. പലരും കമ്പി സ്ഥാപിച്ചുള്ള അവസാന ഘട്ട പരിശീലനത്തിനും, ടെസ്റ്റ് നടപടികൾ സുഗമമായി നടത്തുന്നതിനുമാണ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളെ സമീപിക്കുക. 30 മുതൽ 40 ദിവസം വരെ നീളുന്ന പരിശീലനമാണ് സ്കൂളുകൾ നൽകുന്നത്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കൂടുതൽ ദിവസത്തെ പരിശീലനം വേണ്ടിവരാറുണ്ടെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പറയുന്നു. മുമ്പ് പരിശീലനത്തിനെത്തുന്നവരെ വാഹനത്തിനുള്ളിൽ കുത്തി നിറച്ച് പ്രാക്ടീസ് നൽകുന്നതായിരുന്നു രീതി. എന്നാൽ ഇനി അത് നടക്കില്ല. മുൻസീറ്റിൽ ഒരാൾക്കും, പിൻസീറ്റിൽ ഒരാൾക്കും ഇരിക്കാം. കൂടുതൽ പേരെ ഇരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ നേരിടേണ്ടിവരും.
......................
ടെസ്റ്റിനും നിയന്ത്രണം
ലോക്ക്ഡൗണിന് മുമ്പ് ലേണേഴ്സ് പാസായവർക്കും, ടെസ്റ്റിൽ പരാജയപ്പെട്ടവർക്കുമാണ് ആദ്യഘട്ടത്തിൽ ഗ്രൗണ്ട് ടെസ്റ്റിന് അനുമതി നൽകുക. പുതിയ അപേക്ഷർക്ക് ഒക്ടോബർ 15ന് ശേഷമേ ലൈസൻസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കൂ. കണ്ടെയിൻമെന്റ് സോണുകളിൽ ടെസ്റ്റ് നടത്തില്ല. ആരോഗ്യപ്രശ്നങ്ങളുള്ളവരെ പങ്കെടുപ്പിക്കില്ല. 65 വയസിന് മുകളിലുള്ളവരെയും, ഗർഭിണികളെയും ടെസ്റ്റിൽ പങ്കെടുപ്പിക്കില്ല. മുമ്പ് ഒരു എം.വി.ഐയുടെ കീഴിൽ 60 പേരുടെ ടെസ്റ്റ് നടത്തിയിരുന്നു. ഇനിയത് നേർ പകുതിയാക്കും.
........................
ഡ്രൈവിംഗ് പഠനം - നിരക്ക്
കാർ - പുരുഷൻമാർ - 7000 രൂപ,
സ്ത്രീകൾ - 7500 രൂപ
സ്കൂട്ടർ - 4500
..................
വീണ്ടും പരിശീലനം ആരംഭിക്കുമ്പോഴും വലിയ പ്രതീക്ഷ വച്ചുപുലർത്തുന്നില്ല. ലോക്ക് ഡൗൺ മൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഈ മേഖലയിലുണ്ടായത്.
- ഓസ്റ്റിൻ റൊസാരിയോ, ഓസ്റ്റിൻ ഡ്രൈവിംഗ് സ്കൂൾ, ആലപ്പുഴ