കാസർകോട്: കാട്ടുകുക്കെ കജംപാടിയിലെ സുശീല (43) യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പെർള കെ.കെ റോഡ് അജിലടുക്കയിലെ ജനാർദ്ദനനെ (48) കാസർകോട് കോടതി റിമാൻഡ് ചെയ്തു. വീട്ടിൽ നടന്ന വാക്കേറ്റത്തിനിടെ സുശീലയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജനാർദ്ദനൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് ഭർത്താവിന്റെ വീട്ടിൽ സുശീലയെ മർദ്ദനമേറ്റ് അവശനിലയിൽ കണ്ടത്. പൊലീസ് എത്തി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായതോടെ ജനാർദ്ദനനെ അറസ്റ്റു ചെയ്യുകയായിരുന്നു. അന്യ പുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ച് സുശീലയെ ജനാർദ്ദനൻ നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സുശീലയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ മുൻഭാഗത്തെ വാതിൽ പൂട്ടി രക്ഷപ്പെടാൻ ശ്രമിച്ച ജനാർദ്ദനനെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.