പൊന്നാനി: ആരോഗ്യരംഗത്ത് വിപ്ലവകരമായ മുന്നേറ്റം സാദ്ധ്യമാക്കിയ പൊന്നാനി മാതൃശിശു ആശുപത്രിയിൽ ബ്ലഡ് ബാങ്കും പേ വാർഡും വരുന്നു. നിലവിലെ ആശുപത്രി കെട്ടിടത്തിന് തെക്കുഭാഗത്തായുള്ള ഒഴിഞ്ഞ സ്ഥലത്ത് നിർമ്മിക്കുന്ന രണ്ടുനില കെട്ടിടത്തിലാണ് ബ്ലഡ് ബാങ്കും പേ വാർഡും ഒരുക്കുക. കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രവുമൊരുക്കും.
1.22 കോടി രൂപ ചെലവിലാണ് ബ്ലഡ് ബാങ്ക് ഒരുക്കുക. ഇതിന് ഭരണാനുമതി ലഭിച്ചു. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടുകോടി ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ബ്ലഡ് ബാങ്ക് ഒരുക്കുക. ഒന്നും രണ്ടും നിലകളിലായി പേ വാർഡൊരുക്കും.രണ്ടാം നിലയിലാണ് കൂട്ടിരിപ്പുകാർക്കുള്ള വിശ്രമമന്ദിരം. മാതൃശിശു ആശുപത്രിയുടെ പ്രധാന കെട്ടിടത്തിൽ നിന്ന് പാലം വഴി ബ്ലഡ് ബാങ്ക്, പേ വാർഡ് കെട്ടിടത്തെ ബന്ധിപ്പിക്കും. 3.22 കോടി ചെലവിലാണ് കെട്ടിടം പൂർത്തിയാക്കുക.
ബ്ലഡ് ബാങ്കിൽ അത്യാധുനിക സൗകര്യങ്ങളൊരുക്കും. രണ്ട് നിലകളിലായുള്ള പേ വാർഡുകളിൽ ഇരുപത് മുറികളൊരുക്കും. അഞ്ചെണ്ണം കാത്തിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രമായിരിക്കും. നിലവിൽ മാതൃശിശു ആശുപത്രിയിൽ പ്രത്യേക മുറികളില്ല. ജനറൽ വാർഡുകളിലാണ് പ്രസവത്തിനെത്തുന്നവരും പ്രസവിച്ചവരും കിടക്കുന്നത്. പേ വാർഡുകൾ ഒരുക്കണമെന്നത് നിരന്തര ആവശ്യമുയർന്നിരുന്നു. അതിനാണിപ്പോൾ പച്ചക്കൊടിയായിരിക്കുന്നത്.
പ്രസവത്തെ തുടർന്നുള്ള രക്തത്തിന്റെ ആവശ്യത്തിന് പരിഹാരം കാണാൻ ആശുപത്രിയിൽ ബ്ലഡ് സ്റ്റോറേജ് സ്ഥാപിക്കുന്നത് പരിഗണനയിലാണ്.