ആലുവ: എഴുത്തിൽ വലിയ ഭംഗിയില്ലെങ്കിലും 'ക്യാഷ് കളഞ്ഞുകിട്ടിയിട്ടുണ്ട് 98466 15928' എന്ന ബോർഡ് കണ്ടാൽ ആരുമൊന്ന് നോക്കും. ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖം കവലയിൽ എടയപ്പുറത്തേക്ക് തിരിയുന്ന ഭാഗത്തെ ഫ്രണ്ട്സ് ആട്ടോമൊബൈൽസിന് മുമ്പിലാണ് കൗതുകം പകരുന്ന ഈ ബോർഡ് നാല് ദിവസമായി ഉയർന്ന് നിൽക്കുന്നത്.
സ്ഥാപന ഉടമ എടയപ്പുറം ആയത്ത് സലീം നല്ല പെയിന്ററാണെങ്കിലും എഴുത്തിൽ വശമില്ല. പക്ഷേ അദ്ദേഹത്തിന് സത്യസന്ധതയിൽ നൂറിൽ നൂറാണ് മാർക്ക്. അതിനുള്ള തെളിവാണ് ഈ ബോർഡ്. യഥാർത്ഥ ഉടമയാണെന്ന് ഉറപ്പിക്കാൻ നഷ്ടപ്പെട്ട തുക കൃത്യമായി പറയേണ്ടിവരും.
ഓണാവധി കഴിഞ്ഞ് വർക്ക് ഷോപ്പ് തുറന്ന ദിവസമാണ് എടയപ്പുറം തുരുത്തി റോഡിൽ താമസിക്കുന്ന വഴിയാത്രക്കാരിക്ക് കുറച്ച് നോട്ടുകൾ റോഡിൽ കിടന്ന് കിട്ടിയത്. ഉടമ വന്നാൽ നൽകാൻ പറഞ്ഞ് സലീമിനെ പണം ഏൽപ്പിച്ച് ഇവർ മടങ്ങി. പരിചയക്കാരോടും പരിസരത്തെ കച്ചവടക്കാരോടും നാട്ടുകാരോടുമെല്ലാം സലീം ഇക്കാര്യം വിഷയം പറഞ്ഞെങ്കിലും ഉടമയെ കണ്ടുപിടിക്കാനായില്ല. തുടർന്നാണ് 18-ാമത്തെ അടവായി ബോർഡ് സ്ഥാപിച്ചത്.
മൂന്ന് വർഷം മുമ്പ് സലീമിന് 5,000 രൂപയടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടിയപ്പോൾ അതിലുണ്ടായിരുന്ന ഫോട്ടോയിൽ നിന്നും ആളെ തിരിച്ചറിഞ്ഞ് തിരിച്ചേൽപ്പിച്ചിട്ടുണ്ട്.
32 വർഷത്തോളമായി പെയിന്ററാണ് സലീം. കുറച്ചുനാൾ സൗദിയിൽ ഡ്രൈവറായി.13 വർഷമായി വർക്ക് ഷോപ്പ് ആരംഭിച്ചിട്ട്.