കൊച്ചി: പഠനവും ഓണാഘോഷവുമെല്ലാം ഓൺലൈനാകുമ്പോൾ കലോത്സവം എന്തുകൊണ്ട് ഓൺലൈനിൽ നടത്തിക്കൂടാ. സംസ്ഥാനത്ത് ആദ്യമായി സ്കൂൾ കലോത്സവവും ഓൺലൈനിലൂടെ നടത്തി കലൂർ എ.സി.എസ്.സ്കൂൾ. കൊവിഡ് വ്യാപന സാഹചര്യത്തിലും കുട്ടികളുടെ മാനസിക ഉല്ലാസത്തിനും സർഗാത്മകത പങ്കുവെയ്ക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം.
നൂപുര2020 എന്ന പേരിൽ 2 ദിനങ്ങളിലായി ഗൂഗിൾ മീറ്റിലൂടെയാണ് കലോത്സവം. ആദ്യ ദിനമായ സെപ്തംബർ 9 ന് പ്രഛന്ന വേഷം, ലൈറ്റ് മ്യൂസിക്ക്, നാടോടി നൃത്തം, പ്രസംഗം എന്നിവയായിരുന്നു മത്സരയിനങ്ങൾ. അവസാന ദിനമായ ഇന്ന് (സെപ്തംബർ 11 ) മാപ്പിളപ്പാട്ട്, ശാസ്ത്രീയ സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, മിമിക്രി കേരളനടനം എന്നിവയിൽ കുട്ടികൾ മാറ്റുരയ്ക്കും.
എൽ.കെ.ജി മുതൽ ഹയർ സെക്കൻഡറി വരെ എല്ലാ ക്ലാസുകളിൽ നിന്നും 5 പേർ വീതം വിവധമത്സരയിനങ്ങളിൽ പങ്കെടുത്തു.
നൂപുര 2020
ക്ലാസുകളെല്ലാം ഓൺലൈനാക്കിയെങ്കിലും ആഘോഷങ്ങളൊന്നും സ്കൂൾ അധികൃതർ മാറ്റിവെച്ചിട്ടില്ല. സ്കൂൾ കലോത്സവം വെല്ലുവിളിയായിരുന്നു. ഗൂഗിൾ മീറ്റിലൂടെ കലോത്സവ ആശയം മലയാളം അദ്ധ്യാപികയും കലോത്സവ കൺവീനറുമായ ദീപയ്ക്കാണ് തോന്നിയത്. പ്രച്ഛന്ന വേഷത്തിൽ മികച്ച പങ്കാളിത്തം ലഭിച്ചപ്പോൾ സംഘാടകർക്കും ആത്മവിശ്വാസം. സമ്മാനദാനം ക്ലാസുകൾ തുടങ്ങിയ ശേഷമായിരിക്കും.
സഹകരണവുമായി രക്ഷിതാക്കൾ
വിദ്യാർത്ഥികളെക്കാൾ ഉത്സാഹവും ഒരുക്കങ്ങളും രക്ഷിതാക്കൾക്കാണ്. മത്സര വീഡിയോ പ്രത്യേകം ഒരുക്കിയാണ് അയക്കുന്നത്. ഒരേ സമയം 100 പേർക്ക് പരിപാടികൾ കാണാം. മത്സരങ്ങളിൽ പങ്കെടുത്ത സന്തോഷത്തിലാണ് കുട്ടികളെല്ലാം. മാനേജർ ടി.ഐ തമ്പി, ചെയർമാൻ വി.പി ചന്ദ്രൻ , അസി.മാനേജർ അഡ്വ. മിഥുൻ, പ്രിൻസിപ്പാൾ രാജലക്ഷ്മി, കൺവീനർ ദീപ വിദ്യാധരൻ, മഞ്ജു കെ.എം എന്നിവർ ചേർന്നാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
"വീടുകളിൽ ഒതുങ്ങിയ മാനസിക ബുദ്ധിമുട്ടിലാണ് വിദ്യാർത്ഥികളെല്ലാം. അവർക്ക് ഇതൊരു ആശ്വാസമാകും. റെഗുലറായി ക്ലാസുകൾ നടന്നപ്പോഴുള്ള എല്ലാ പരിപാടികളും ഓൺലൈനിലൂടെ നടത്താനാണ് ശ്രമം."
ദീപ വിദ്യാധരൻ
കലോത്സവ കൺവീനർ