കൊച്ചി: സംവരണ പട്ടിക പുതുക്കുന്ന കാര്യത്തിൽ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന് ഒന്നും ചെയ്യാൻ കഴിയാത്തത് സാമൂഹ്യ- സാമ്പത്തിക സർവേ റിപ്പോർട്ടുകൾ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നൽകാത്തതുകൊണ്ടാണെന്ന് കുറ്റപ്പെടുത്തിയ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാർ നിലപാട് ന്യായീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
ഭരണഘടനാ പ്രകാരം രൂപം നൽകിയ കമ്മിഷന്റെ കടമ നിർവഹിക്കാൻ സഹായിക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്. സർക്കാർ ഉറക്കം നടിക്കുന്നതിന് ന്യായീകരണമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംവരണ പട്ടിക പുതുക്കുന്നതിനുള്ള സർവേ നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേഗം പൂർത്തിയാക്കി റിപ്പോർട്ട് പിന്നാക്ക വിഭാഗ കമ്മിഷന് കൈമാറാനും തുടർന്ന് ആറുമാസത്തിനകം കമ്മിഷൻ റിപ്പോർട്ട് നൽകാനും കഴിഞ്ഞ ദിവസം നൽകിയ ഉത്തരവിലാണ് ഈ വിമർശനം ഉന്നയിച്ചത്.
സംവരണ പട്ടിക കാലോചിതമായി പുതുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ മാനവ ഐക്യവേദി, ചെങ്കോട്ടുകോണം സ്വദേശി ജെ.ആർ. രാജേഷ് കുമാർ, മൈനോറിറ്റി ഇന്ത്യൻസ് പ്ളാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.