തിരുവനന്തപുരം: ചെയ്ത പണിക്ക് സർക്കാരിൽ നിന്ന് പണം കിട്ടാനുണ്ടെങ്കിൽ അത് പരസ്യമായല്ല ഉന്നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെട്ടിടങ്ങൾ പൂർത്തിയാക്കിയ ഇനത്തിൽ 12 കോടിയിലധികം കിട്ടാനുണ്ടെന്നും ഓണത്തിന് തന്റെ ജീവനക്കാർക്ക് എങ്ങനെ ശമ്പളം കൊടുക്കുമെന്ന് അറിയില്ലെന്നും ഹാബിറ്റാറ്റ് ചെയർമാൻ ജി.ശങ്കർ നേരത്തെ വെളിപ്പെടുത്തിയതിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പൊൻമുടി, വർക്കല പൊലീസ് സ്റ്റേഷനുകളുടെയും കൊല്ലം റൂറൽ പൊലീസ് കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ആർക്കിടെക്റ്റ് ശങ്കറിനെതിരെ പരാമർശം നടത്തിയത്.
പണം കൊടുക്കാനും വാങ്ങാനും വൈകുന്നുണ്ടാവാം. അത് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ പൊതുവിൽ ചർച്ച ചെയ്യാനല്ല ശ്രമിക്കേണ്ടത്. പൊലീസ് സ്റ്റേഷനുകളുടെ നിർമ്മാണത്തിൽ ഹാബിറ്റാറ്റും പങ്കാളിയായതുകൊണ്ടാണ് ഇക്കാര്യം ഇവിടെ പറയുന്നത്. ശങ്കറിനോട് പരസ്യമായി പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പണത്തിനായി സെക്രട്ടേറിയറ്റ് കയറിയിറങ്ങി മടുത്തെന്നും സിവിൽ സർവീസിലെ ചിലരാണ് പണം തരാത്തതിന് പിന്നിലെന്നും ശങ്കർ വെളിപ്പെടുത്തിയിരുന്നു. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭരിക്കുമ്പോഴാണ് ഈ ദുരവസ്ഥയെന്നും ശങ്കർ പറഞ്ഞിരുന്നു. ശങ്കറിന്റെ ഫേസ് ബുക്ക് കുറിപ്പ് കേരളകൗമുദി ഓണക്കാലത്ത് വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു.