നാലു ദിവസം മുമ്പ് ഒരിക്കൽ കൂടി ഗാന്ധിജി കോടതി കയറി. ഇവിടെയല്ല, കർണാടക ഹൈക്കോടതിയിൽ . ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ജസ്റ്റിസ് എൻ.എസ് സഞ്ജയ് ഗൗഡ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൽ ഒരു പൊതുതാത്പര്യ ഹർജിയെത്തുന്നു. ബംഗളൂരു നഗരത്തിലെ കബേൺ പാർക്കിനു സമീപത്ത് ഒരു ബാറിന് അനുമതി നൽകിയതു റദ്ദാക്കണമെന്ന ആവശ്യവുമായി അഭിഭാഷകനായ എ.വി. അമർനാഥനാണ് ഹർജി നൽകിയത്. മത സ്ഥാപനങ്ങൾക്കും ബാലഭവനും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഒാഫീസിനും സമീപത്താണ് ബാർ പ്രവർത്തിക്കുന്നതെന്നും ഇതു കർണാടകയിലെ എക്സൈസ് ചട്ടങ്ങൾക്കു വിരുദ്ധമാണെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പ്രതിമയും സെന്റ് മാർത്ത പള്ളിയുമാണ് മതസ്ഥാപനങ്ങളായി ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഗാന്ധിജിയുടെ പ്രതിമ നിൽക്കുന്ന സ്ഥലം മതസ്ഥാപനമായി കണക്കാക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഭാവനയുടെ ഒരു തലത്തിലും രാഷ്ട്രപിതാവിന്റെ പ്രതിമ നിൽക്കുന്ന സ്ഥലം മതസ്ഥാപനമായി കണക്കാക്കാൻ കഴിയില്ല. എക്സൈസ് ചട്ടത്തിൽ മദ്യവില്പന ശാലകൾ പൊതു മത സ്ഥാപനങ്ങൾക്കു 100 മീറ്ററിനു സമീപം പാടില്ലെന്നാണ് പറയുന്നത്. ഗാന്ധി പ്രതിമയെ മതസ്ഥാപനമായി കാണാൻ കഴിയില്ല. ജീവിച്ചിരുന്നപ്പോൾ ഗാന്ധിജി സ്വീകരിച്ച നിലപാടുകളും അദ്ദേഹത്തിന്റെ ചിന്തകളും മനസിലാക്കിയാൽ ഇക്കാര്യം വ്യക്തമാകും. രാഷ്ട്രപിതാവിന്റെ സ്ഥാനം അതുല്യമാണ്. അദ്ദേഹം എല്ലാ മതങ്ങൾക്കും അതീതനാണ്. പൂർണാർത്ഥത്തിൽ ജനാധിപത്യ വാദിയായിരുന്ന രാഷ്ട്രപിതാവ് ഒരിക്കലും മനുഷ്യരെ ആരാധിക്കുന്നതിനോടു യോജിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു. തുടർന്ന് ഹർജിയിൽ പറയുന്ന മറ്റു സ്ഥാപനങ്ങളിൽ നിന്ന് ബാറിലേക്കുള്ള ദൂരം വീണ്ടും അളന്നു. ഹർജിയിൽ പറയുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നു കണ്ട് പൊതുതാത്പര്യ ഹർജി തള്ളുകയും ചെയ്തു.
ഒരു ചിത്രത്തിന്റെ കഥ
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രദർശിപ്പിച്ചിരുന്നു. തെലങ്കാനയിലെ ഭുവനപ്പള്ളി ജില്ലാ കോടതി ജഡ്ജി കോടതി വരാന്തയിലിരുന്ന് ഒരു വൃദ്ധയുടെ പരാതി കേൾക്കുന്നു എന്ന അടിക്കുറിപ്പുമായാണ് ചിത്രം പ്രചരിച്ചത്. യഥാർത്ഥത്തിൽ ജില്ലാ ജഡ്ജിയല്ല, ജയശങ്കർ ഭൂപാൽപള്ളി എന്ന ജില്ലയിലെ കളക്ടർ മുഹമ്മദ് അബ്ദുൾ അസീം കളക്ടറേറ്റിൽ പരാതിയുമായെത്തിയ ഒരു ആദിവാസി സ്ത്രീയുടെ പരാതി കേൾക്കുന്ന ദൃശ്യമായിരുന്നു അത്. ജില്ലാ മജിസ്ട്രേട്ട് കൂടിയാണ് കളക്ടർ . വാർദ്ധക്യ പെൻഷനുമായി ബന്ധപ്പെട്ട് പരാതി പറയാനെത്തിയ സ്ത്രീയെ ഒാഫീസിൽ നിന്ന് പുറത്തേക്കിറങ്ങി വന്നാണ് കളക്ടർ കേട്ടത്. ജയശങ്കർ ഭൂപാൽപള്ളി ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിലും ഇൗ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതി മുറികളിൽ നിന്നും ഒാഫീസുകളിൽ നിന്നും നീതിയും ന്യായവും അർഹരെ തേടിയെത്തുന്ന ഏതൊരു ദൃശ്യത്തിനും അതിന്റേതായ ചരിത്ര പ്രാധാന്യമുണ്ട്. കോടതികളായാലും സർക്കാർ ഒാഫീസുകളായാലും പരാതികൾ കേൾക്കാനും പരിഹരിക്കാനുമുള്ള സംവിധാനങ്ങൾ ഇത്തരം അർത്ഥവത്തായ നടപടികളിലൂടെയാണ് ഫലപ്രദമാകുന്നത്.