ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിലും ജപ്പാൻ ഉൾപ്പെടുന്ന ഇൻഡോ - പസിഫിക് മേഖലയിലും ചൈനയുടെ കടന്നുകയറ്റം സംഘർഷം രൂക്ഷമാക്കുന്ന പശ്ചാത്തലത്തിൽ നാവിക സേനാ കേന്ദ്രങ്ങൾ പരസ്പരം തുറന്നുകൊടുക്കാനുള്ള സുപ്രധാന കരാറിൽ ഇന്ത്യയും ജപ്പാനും ഇന്നലെ ഒപ്പുവച്ചു. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ ജാപ്പനീസ് താവളം ഇന്ത്യൻ നേവിക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ത്യൻ താവളങ്ങൾ ജപ്പാൻ നേവിക്കും ഉപയോഗിക്കാം.
ഇരു സേനകളും തമ്മിൽ സാധന, സേവന കൈമാറ്റം സാദ്ധ്യമാക്കും. ആഗോള സമാധാനവും സുരക്ഷയും മെച്ചപ്പെടുത്താൻ കരസേനകളുടെ സഹകരണം ശക്തമാക്കാനും വ്യവസ്ഥയുണ്ട്.
യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ - ജപ്പാൻ സൈനിക സഹകരണത്തിന് പ്രാധാന്യമേറെയാണ്. ഇന്ത്യയും അമേരിക്കയും സംയുക്തമായി അറബിക്കടലിൽ നടത്തുന്ന മലബാർ നാവിക അഭ്യാസത്തിൽ ജപ്പാൻ പങ്കാളിയാണ്.
സംയുക്തസേനാ പരിശീലനങ്ങൾ, ഐക്യരാഷ്ട്ര സമാധാന പാലന പ്രവർത്തനങ്ങൾ, മനുഷ്യത്വപരമായ അന്താരാഷ്ട്ര ആശ്വാസനടപടികൾ, പരസ്പര സമ്മതത്തോടെയുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ സഹകരണം ഉറപ്പാക്കുന്നതാണ് കരാർ.ചൈന ആധിപത്യത്തിന് ശ്രമിക്കുന്ന ഇൻഡോ പസിഫിക് മേഖല സ്വതന്ത്രമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് കരാറിനെ ഇരുരാജ്യങ്ങളും കാണുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാർഷിക ഉച്ചകോടിയിലാണ് കരാർ ഒപ്പിട്ടത്. ഫോണിലൂടെയായിരുന്നു ചർച്ചകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജിവച്ചൊഴിയുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഫോണിൽ ചർച്ച നടത്തി. ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഡോക്ടർ അജയകുമാറും ജാപ്പനീസ് നയതന്ത്രപ്രതിനിധി സുസുക്കി സതോഷിയുമാണ് കരാറിൽ ഒപ്പിട്ടത്.
ഇന്ത്യയുടെ സമാനമായ കരാറുകൾ
2016ലെ ലോജിസ്റ്റിക് എക്സേഞ്ച് മെമ്മോറാണ്ടം അനുസരിച്ച് ജിബൂട്ടി, ഡീഗോ ഗാർഷ്യ, ഗുവാം, സുബിക് ബേ എന്നീ യു. എസ് താവളങ്ങൾ ഇന്ത്യയ്ക്ക് ഉപയോഗിക്കാം.
2018ൽ ഉടമ്പടി പ്രകാരം റീയൂണിയൻ ദ്വീപിലെ ഫ്രഞ്ച് സൈനിക താവളം ഇന്ത്യ ഉപയോഗിക്കുന്നു.
ദക്ഷിണ കൊറിയ,സിംഗപ്പൂർ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുമായും ഇത്തരം കരാറുണ്ട്
ഇക്കൊല്ലം റഷ്യയുമായും കരാർ ഒപ്പിടും.
ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ പാകിസ്ഥാന്റെ സൈനിക താവളങ്ങൾ ചൈന ഉപയോഗിക്കുന്നുണ്ട്.
ജാപ്പനീസ് സേന
രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ ആറ്റം ബോംബിന്റെ സംഹാരം നടന്ന ജപ്പാൻ 1950കളിലാണ് സ്വയം പ്രതിരോധം എന്ന ലക്ഷ്യത്തോടെ മൂന്ന് സേനകൾക്ക് രൂപം നൽകിയത്. ജപ്പാൻ സെൽഫ് ഡിഫൻസ് ഫോഴ്സസ് എന്നാണ് പേര് .യുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാന് മേൽ അമേരിക്ക അടിച്ചേൽപ്പിച്ച ഭരണഘടന പ്രകാരം രാജ്യത്തിന് യുദ്ധം ചെയ്യാനോ സായുധ സേനകളെ നിലനിർത്താനോ അവകാശമില്ലായിരുന്നു. പിന്നീട് ഭേദഗതികൾ വരുത്തി. ഇപ്പോൾ ലോകത്തെ പ്രമുഖ സൈനിക ശക്തിയാണ് ജപ്പാൻ. എങ്കിലും സമാധാന ദൗത്യങ്ങൾക്കാണ് മുൻഗണന
പാംഗോംഗ് :ഫിംഗർ 4ൽ സ്ഥാനംഉറപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: പാംഗോംഗ് തടാകത്തിന് വടക്ക് ഫിംഗർ 4ലെ തന്ത്രപരമായ ഉയർന്ന പ്രദേശങ്ങളിൽ ഇന്ത്യൻ സേന സാന്നിദ്ധ്യം ഉറപ്പിച്ചു. ഫിംഗർ 4ൽ നേരത്തെ സ്ഥാനം പിടിച്ച ചൈനീസ് സേനയുടെ നീക്കങ്ങൾ നിരീക്ഷിക്കാവുന്ന ഉയരത്തിലാണ് ഇന്ത്യൻ സേന.
പാംഗോഗ് തടാകത്തിന് തെക്ക് കടന്നുകയറാൻ നടത്തിയ ശ്രമം വടക്കൻ തീരത്തും ചൈന ആവർത്തിക്കാമെന്ന് മുൻകൂട്ടി കണ്ടുള്ള നീക്കമാണ് ഇന്ത്യൻ സേനയുടേത്. ഫിംഗർ എട്ടു മുതൽ ഫിംഗർ നാലുവരെ എട്ടുകിലോമീറ്ററോളം കടന്നുകയറിയ ചൈന സ്ഥിരം താവളങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവിടെ ഉയർന്ന പ്രദേശങ്ങളിൽ തമ്പടിച്ച ചൈനക്കാർക്ക് ഫിംഗർ മൂന്നിനും ഫിംഗർ രണ്ടിനും ഇടയിലുള്ള ഇന്ത്യൻ സേനയുടെ നീക്കങ്ങൾ വീക്ഷിക്കാൻ കഴിയുമായിരുന്നു. തിരിച്ച് അവരുടെ നീക്കങ്ങൾ അറിയാൻ ഇന്ത്യൻ സേന ബുദ്ധിമുട്ടിയിരുന്നു. ഏപ്രിലിന് മുൻപ് പട്രോളിംഗ് നടത്തിയിരുന്ന ഫിംഗർ എട്ടാണ് ഇന്ത്യ നിയന്ത്രണ രേഖയായി അംഗീകരിച്ചുള്ളത്.
തെക്കൻ പാംഗോംഗിലെ പ്രകോപനങ്ങൾ ഇന്ത്യൻ സേന തകർത്തതോടെ നാണംകെട്ട ചൈനക്കാർ കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ തീരത്ത് കനത്ത സേനാ വിന്യാസം നടത്തുന്നതായി റിപ്പോർട്ട് വന്നിരുന്നു. ഇതും കണക്കിലെടുത്താണ് ഇപ്പോഴത്തെ ഇന്ത്യൻ നീക്കം.