പാനൂർ (കണ്ണൂർ):വീട്ടിൽ വച്ച് പ്രസവിച്ച യുവതിക്കും കുഞ്ഞിനും കൊവിഡ് മാനദണ്ഡത്തിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന്,കുഞ്ഞ് മരിച്ചു. സംഭവം വിവാദമായതോടെ വനിതാഡോക്ടറെയും, നഴ്സിനെയും സ്ഥലം മാറ്റി.
ആരോഗ്യമന്ത്രി ഇടപെട്ട് ഡി.എം.ഒ മുഖാന്തരമായിരുന്നു നടപടി പാനൂർ പൊലീസ് സ്റ്റേഷന് സമീപത്തെ മാണിക്കോത്ത് ഹനീഫ -സമീറ ദമ്പതികളുടെ കുഞ്ഞാണ് പ്രസവിച്ചയുടൻ മരിച്ചത്.ഇന്നലെ രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് വീട്ടിൽ വച്ച് യുവതി പ്രസവിച്ചു.വീട്ടുകാർ ഉടൻ പാനൂർ കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിലെത്തി വീട്ടിലേക്ക് വനിതാഡോക്ടറെ ക്ഷണിച്ചെങ്കിലും, കൊവിഡ് നിയമം ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു. തുടർന്ന് ബഹളവും വാക്കുതർക്കവുമായി. പിന്നാലെ, സമീപത്തെ ക്ലിനിക്കിൽ നിന്ന് നഴ്സുമാരെത്തി പൊക്കിൾ കൊടി മുറിച്ചു മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സമീറയെ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോ.പി.ശ്രുതി, സ്റ്റാഫ് നഴ്സ് ലസിത എന്നിവരെയാണ് മന്ത്രിയുടെ അടിയന്തിര ഇടപെടലിനെ തുടർന്ന് ഡി.എം.ഒ സ്ഥലംമാറ്റിയത്. സമീറയുടെ നാലാമത്തെ പ്രസവമായിരുന്നു . എട്ടാം മാസത്തിലായിരുന്നു പ്രസവം. നവജാത ശിശു മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ചികിത്സ നിഷേധിച്ചെന്ന ആരോപണത്തിൽ നീതിപൂർവമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.