കൊച്ചി: ഹയർ സെക്കൻഡറി പുനർമൂല്യനിർണയത്തിന്റെ മാർക്ക് ലിസ്റ്റിനായി വിദ്യാർത്ഥികളെ നെട്ടോട്ടമോടിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പഴയ മാർക്ക് ലിസ്റ്റുകൾ തിരുവനന്തപുരത്തെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലെത്തി സമർപ്പിച്ചാലേ പുതിയ മാർക്ക് ലിസ്റ്റ് നൽകൂവെന്നാണ് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തിന്റെ നിലപാട്.
മൂവായിരത്തിലധികം വരുന്ന വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിൽ മാർക്കുകൾ വർദ്ധിച്ചു. ലോക്ക് ഡൗൺ മൂലം യാത്രാസൗകര്യങ്ങൾ പരിമിതമായ സാഹചര്യത്തിൽ ഇത്രയും വിദ്യാർത്ഥികൾ തിരുവനന്തപുരത്തെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലെത്തി മാർക്ക് ലിസ്റ്റ് മാറ്റി വാങ്ങിക്കുകയെന്നത് വിഷമകരവും അപ്രായോഗികമാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.
നട്ടം തിരിഞ്ഞ് വിദ്യാർത്ഥികൾ
രണ്ടാം വർഷ പരീക്ഷയുടെ പുനർമൂല്യനിർണയത്തിൽ മാർക്കുകൾ വർദ്ധിച്ചത് എത്രയാണെന്ന് പോലും പല വിദ്യാർത്ഥികൾക്കും അറിയില്ല. പുനർമൂല്യനിർണയ ഫലപ്രഖ്യാപനത്തിനു ശേഷം രണ്ടാഴ്ച കഴിഞ്ഞിട്ടും മാർക്കുകൾ പരീക്ഷാ വിഭാഗം ഹയർ സെക്കൻഡറിയുടെ ഔദ്യോഗിക വെബ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല. രണ്ടാം വർഷ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ ഇക്കഴിഞ്ഞ ദിവസമാണ് സ്കൂൾ അധികൃതർക്ക് ലഭ്യമായത്.
ഉയർന്ന ഫീസ് നൽകി നടത്തിയ പുനർമൂല്യനിർണയം വഴി വർദ്ധിച്ച മാർക്കുകൾ ഒദ്യോഗിക പോർട്ടലിൽ അപ്ഡേറ്റ് ചെയ്യാത്തതുമൂലം വിദ്യാർത്ഥികൾക്ക് ഉന്നതപഠന പ്രവേശനത്തിന് മാർക്കുകൾ പ്രയോജനപ്പെടാത്ത സാഹചര്യമാണ്. മിക്ക യൂണിവേഴ്സിറ്റികളിലും ഡിഗ്രി പ്രവേശന അലോട്ട്മെന്റ് ആരംഭിച്ചതു മൂലം പുനർമൂല്യനിർണയം വഴി ലഭിച്ച ഉയർന്ന മാർക്കുകൾ പ്രവേശനത്തിന് ഉപകാരപ്പെടാതെ വിഷമിക്കുകയാണ് വിദ്യാർത്ഥികൾ.
വിദ്യാർത്ഥികൾ ഇരകൾ
"വിദ്യാഭ്യാസ വകുപ്പിന്റെ അലംഭാവത്തിനും കെടുകാര്യസ്ഥതക്കും വിദ്യാർത്ഥികൾ ഇരകളാകേണ്ടി വരുന്ന സാഹചര്യം അവസാനിപ്പിക്കണം. കൊവിഡ് കാലത്ത് ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. മാർക്കുവിവരങ്ങൾ അതത് പ്രിൻസിപ്പൽമാരിൽ നിന്നും ഓൺലൈനായി സ്വീകരിച്ച് പുതുക്കിയ മാർക്ക് ലിസ്റ്റുകൾ അടിയന്തിരമായി ലഭ്യമാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ഉടൻ കൈക്കൊള്ളണം."
അനിൽ എം ജോർജ്
ജനറൽ സെക്രട്ടറി
എച്ച്.എസ്.എസ്.ടി.എ
മാർക്ക് കൂടിയിട്ടും പ്രയോജനമില്ല
"പുനർമൂല്യനിർണയത്തിൽ 10 മാർക്കിൽ കൂടുതൽ വരെ മാറ്റം വന്നിട്ടുണ്ട്. പക്ഷേ ഉപയോഗപ്പെടുത്താനാവാത്ത അവസ്ഥയാണ്."
സാന്ദ്ര പോൾ
വിദ്യാർത്ഥിനി