തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ കൊല്ലത്ത് സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാല പ്രഖ്യാപിച്ചതിനു പിന്നാലെ അട്ടിമറി നീക്കങ്ങൾ സജീവം.
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം പൂർണമായി നിറുത്തി, അദ്ധ്യാപകരെയും ജീവനക്കാരെയും ശ്രീനാരായണഗുരു സർവകലാശാലയിലേക്ക് മാറ്റുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ, വിദൂരവിദ്യാഭ്യാസ കോഴ്സുകളുടെ നടത്തിപ്പിന് യു.ജി.സി യോഗ്യതാ ഇളവ് അനുവദിച്ചതിനാൽ വിദൂരപഠനം തുടരാൻ അനുവദിക്കണമെന്നാണ് കേരള, കാലിക്കറ്റ് സർവകലാശാലകളുടെ ആവശ്യം. ഇരു സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചതായാണ് വിവരം. വിദൂര, ഓപ്പൺ കോഴ്സുകൾ നഷ്ടമായാൽ വരുമാനനഷ്ടമുണ്ടാകുമത്രേ. ശ്രീനാരായണ സർവകലാശാലയുടെ പ്രസക്തി ഇല്ലാതാക്കാനാണ് ഇങ്ങനെയൊരു നീക്കം.
പുതിയ സർവകലാശാലയിലേക്ക് മാറാൻ വിമുഖതയുള്ളവരാണ് അട്ടിമറിശ്രമങ്ങൾക്കു പിന്നിലെന്നാണ് സർക്കാർ വിലയിരുത്തൽ.
നാക് ഗ്രേഡിംഗ് 3.25 സ്കോറിനു മുകളിലുള്ള എ-പ്ലസ് സർവകലാശാലകൾക്കേ വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്താനാവുമായിരുന്നുള്ളൂ. യോഗ്യതയില്ലാത്തതിനാൽ കേരളത്തിലെ സർവകലാശാലകൾക്ക് 2018 മുതൽ രണ്ടുവർഷത്തേക്ക് താത്കാലിക അംഗീകാരം നൽകുകയായിരുന്നു. ഓപ്പൺ സർവകലാശാലയ്ക്ക് ഇത് തടസമാകില്ലെന്നു കണ്ടാണ് സർക്കാർ പ്രഖ്യാപനം വന്നത്. എന്നാൽ 3.01സ്കോറോടെ എ ഗ്രേഡുള്ള സർവകലാശാലകൾക്ക് ഓപ്പൺ, വിദൂര കോഴ്സുകൾ നടത്താമെന്ന് യു.ജി.സി പുതിയ ഉത്തരവിറക്കി. കേരളയ്ക്ക് 3.03, കാലിക്കറ്റിന് 3.13, എം.ജിക്ക് 3.24 സ്കോറുള്ളതിനാൽ വിദൂരകോഴ്സുകൾ നടത്താം.
ഓപ്പൺ സർവകലാശാല വന്നാലും നാല് സർവകലാശാലകളിലും നിലവിൽ വിദൂരപഠനം നടത്തുന്നവർക്ക് അവിടെ പൂർത്തിയാക്കാം. ഈ അദ്ധ്യയനവർഷം മുതലുള്ള പ്രവേശനം ഓപ്പൺ സർവകലാശാലയിലായിരിക്കുമെന്നാണ് സർക്കാർ പറഞ്ഞത്. സയൻസ് വിഷയങ്ങളിലും വിദൂര കോഴ്സുകളും പ്രൈവറ്റ് രജിസ്ട്രേഷനുമുണ്ടാവും.
ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ
ശ്രീനാരായണഗുരു സർവകലാശാല സ്ഥാപിക്കാനുള്ള ഓർഡിനൻസ് 16നു ചേരുന്ന മന്ത്രിസഭായോഗം അംഗീകരിച്ച് ഗവർണർക്ക് കൈമാറും. കരട് ഓർഡിനൻസ് നിയമ വകുപ്പിന്റെ പരിശോധനയിലാണ്. മറ്റു സർവകലാശാലകളിലെ വിദൂരകോഴ്സുകൾ നിറുത്തലാക്കാനുള്ള വ്യവസ്ഥ ഓർഡിനൻസിലുണ്ടാവും. ഒക്ടോബർ രണ്ടിന് ശ്രീനാരായണ സർവകലാശാല പ്രവർത്തനം തുടങ്ങും.
കോഴ്സ് ഒരിടത്താക്കുന്നത് ആദ്യമല്ല
ആരോഗ്യ, സാങ്കേതിക സർവകലാശാലകൾ വരുന്നതിനു മുൻപ് കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്കു കീഴിലാണ് എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകൾ. പിന്നീട് ഇവ പുതിയ സർവകലാശാലകളിലേക്കു മാറ്റി. ആരോഗ്യമേഖലയിലെ എല്ലാ കോഴ്സുകളും 2009ൽ ആരോഗ്യ സർവകലാശാലയിലേക്കു മാറ്റി. അന്ന് 165 കോളേജുണ്ടായിരുന്നത് ഇപ്പോൾ 310 ആയി. സാങ്കേതിക സർവകലാശാലയ്ക്കു പുറമെ കൊച്ചി ശാസ്ത്രസാങ്കേതിക (കുസാറ്റ്) സർവകലാശാലയുമുണ്ട്.
'സർക്കാർ തീരുമാനിച്ചത് അതേപടി നടപ്പാക്കും. ഓപ്പൺ സർവകലാശാലാ നിയമത്തിൽ ഇതിന് വ്യവസ്ഥകളുണ്ടാവും. യു.ജി.സിയുടെ താത്കാലിക ഇളവ് സർവകലാശാലകൾക്ക് ബാധകമാവില്ല. ഒരു അട്ടിമറിയും അനുവദിക്കില്ല".
- ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്