കാസർകോട്: മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീനും കൂട്ടാളികളും ജുവലറിയുടെ പേരിൽ നിക്ഷേപകരിൽ നിന്ന് കോടികൾ വാങ്ങി തിരിമറി നടത്തിയെന്ന മുഴുവൻ കേസുകളും സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ ഡി. ജി. പി ലോകനാഥ് ബെഹ്റ ഉത്തരവിട്ടു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ് .പി മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. അഞ്ചുപേർ കൂടി ഇന്നലെ ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 33 പരാതികളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
ഫാഷൻ ഗോൾഡ് എന്ന ജുവലറിയുടെ ചെയർമാനായ എം.എൽ.എക്കും മാനേജിംഗ് ഡയറക്ടറായ ടി.കെ പൂക്കോയ തങ്ങൾക്കും എതിരെ ചെറുവത്തൂർ ബ്രാഞ്ച് കേന്ദ്രീകരിച്ച് പരാതി നല്കിയവരിൽ ഏറെയും സ്ത്രീകളാണ്.
2003 ലാണ് ഫാഷൻ ഗോൾഡ് ചെറുവത്തൂരിൽ തുടങ്ങിയത്. പിന്നീട് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ, ഫാഷൻ ഗോൾഡ് ഓർണമെന്റ്, ഖമർ ഫാഷൻ ഗോൾഡ്, നുജൂം ഗോൾഡ് എന്നീ സ്ഥാപനങ്ങൾ രജിസ്ട്രാർ ഓഫ് കമ്പനീസ് മുമ്പാകെ രജിസ്റ്റർ ചെയ്തു. ഒന്നര വർഷം മുമ്പ് കമ്പനികൾ പൂട്ടി. ഇതോടെ പണം മടക്കി നൽകുന്നില്ലെന്ന് കാട്ടിയാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്. 150 ഓളം കോടിയുടെ തിരിമറി നടന്നുവെന്നാണ് ആരോപണം.