കണ്ണൂർ:പയ്യന്നൂരിൽ ഫിഷറീസ് സർവ്വകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക കേന്ദ്രം വികസിപ്പിച്ച് കോളേജാക്കി ഉയർത്തുന്നു. മലബാർ ഭാഗത്തെ ആദ്യത്തെ ഫിഷറീസ് കോളേജായിരിക്കും പയ്യന്നൂരിലേത്. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഈ അദ്ധ്യയനവർഷം തന്നെ പ്രവേശനം തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫിഷറീസ് വകുപ്പ്. കൊല്ലം കുണ്ടറയിലും കോളേജ് തുടങ്ങുന്നുണ്ട്. മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് 20 ശതമാനം അധികം സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്. പയ്യന്നൂരിൽ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ഏറ്റെടുത്താണ് കോളേജ് സ്ഥാപിക്കുന്നത്. ഫിഷറീസ് വകുപ്പ് ഇതു സംബന്ധിച്ച് റവന്യൂ വകുപ്പുമായി ധാരണയിലെത്തിയിട്ടുണ്ട്.
2011 ലാണ് കൊച്ചി കേന്ദ്രമാക്കി കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല ( കുഫോസ്) പ്രവർത്തനം തുടങ്ങുന്നത്. എന്നാൽ പത്ത് വർഷം പിന്നിട്ടിട്ടും വളർച്ചയുടെ കാര്യത്തിൽ വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. കൂടുതൽ പ്രാദേശിക കേന്ദ്രം വേണമെന്ന ആവശ്യമുയർന്നെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ സെന്ററുകളും കോളേജുകളും തുടങ്ങുന്നത്. അടുത്ത ഘട്ടത്തിൽ മാരി കൾച്ചർ, അലങ്കാര മത്സ്യകൃഷി തുടങ്ങിയവയിൽ ഗവേഷണവും ആലോചിക്കുന്നുണ്ട്.
ബിരുദാനന്തര കോഴ്സ് പിന്നീട് തുടങ്ങും. കോഴ്സുുകൾ സംബന്ധിച്ച അന്തിമ തീരുമാനം സർവ്വകലാശാല ഗവേണിംഗ് കൗൺസിലും അക്കാഡമിക് കൗൺസിലും ചേർന്ന് തീരുമാനിക്കും. ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് കോഴ്സുകളിലേക്കുള്ള പ്രവശനത്തിന് ഉടൻ അപേക്ഷ ക്ഷണിക്കും. നീറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായിരിക്കും പ്രവേശനം.
കുഫോസ് എന്ത്?
ഫിഷറീസ് , സമുദ്രപഠനം തുടങ്ങിയ മേഖലയിൽ വിദ്യാർത്ഥികൾക്ക് അനന്ത സാദ്ധ്യതകൾ തുറന്നിടുന്നതാണ് സമുദ്രപഠന സർവ്വകലാശാല എന്നറിയപ്പെടുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സയൻസ് ( കുഫോസ്). ഇന്ത്യയിലെ ആദ്യത്തെ സമുദ്രപഠന സർവ്വകലാശാലയും കേരളത്തിലാണ്. സമുദ്പഠന രംഗത്ത് പ്രാപ്തരായ ഉദ്യോഗാർത്ഥികളാണ് ഓരോ വർഷവും കുഫോസിൽ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്.ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ ബിരുദ കോഴ്സുകളാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്.മത്സ്യകൃഷി, ജല ആവാസ വ്യവസ്ഥ,. ടാക്സോണിയും ജൈവവൈവിദ്ധ്യവും സമുദ്ര ഉൾനാടൻ മത്സ്യബന്ധനവുമാണ് ഇവിടെ പഠന വിഷയമാക്കുന്നത്.
"മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് അർഹമായ പരിഗണന നൽകുന്നതിനാണ് പ്രധാനമായും ഫിഷറീസ് കോളേജ് തുടങ്ങുന്നത്. പഠനത്തിൽ മിടുക്കരായ കുട്ടികൾക്ക് അവസരം ഇല്ലാതെ പോകരുത്. ഈ രംഗത്ത് പ്രഗത്ഭരായ അദ്ധ്യാപകരെയും മറ്റും കോളേജിലേക്ക് നിയമിക്കും-"
ജെ. മേഴ്സിക്കുട്ടി അമ്മ,ഫിഷറീസ് മന്ത്രി