തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ വരാനിരിക്കുന്നത് മോശപ്പെട്ട നാളുകളാണെന്നും രോഗികൾ ചികിത്സകിട്ടാതെ വഴിയിൽ കിടക്കാൻ ഇടയാകരുതെന്നും മന്ത്രി കെ.കെ.ശൈലജയുടെ മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനയുണ്ടാകും. മരണസംഖ്യ ഉയരും. പ്രായമായവരിൽ രോഗബാധ രൂക്ഷമാകുന്നതോടെ വെന്റിലേറ്ററുകൾക്ക് ക്ഷാമം നേരിടും. ഇപ്പോൾ തന്നെ ലോകത്ത് വെന്റിലേറ്ററുകൾ കിട്ടാനില്ല. ഓഡർ നൽകി കാത്തിരിക്കുകയാണ് നമ്മളും. ആവശ്യമായ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും ആശുപത്രികളും സജ്ജമാക്കി കരുതിയിരിക്കണം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനികളിൽ രോഗം പടരാതെ നോക്കണം. മാസങ്ങളായി തുടങ്ങിയ പ്രതിരോധപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ തളർന്നുപോകരുതെന്നും ഒറ്റകെട്ടായി മുന്നോട്ടു പോകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി സജ്ജീകരിച്ച ആധുനിക ചികിത്സ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ ജാഗ്രതാ നിർദ്ദേശം. പരിശോധനകൾ വർദ്ധിപ്പിച്ചതോടെ രോഗികളുടെ എണ്ണത്തിലും വർദ്ധനയുണ്ട്. വരും ദിവസങ്ങളിൽ പരിശോധന വീണ്ടും വർദ്ധിക്കും.