ന്യൂഡൽഹി: വരുമാന നഷ്ടം ചൂണ്ടിക്കാട്ടി നടത്തുന്ന ജനശതാബ്ദി, വേണാട് എക്സ്പ്രസ് ട്രെയിനുകൾ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ കെ.സി. വേണുഗോപാൽ എം പി റെയിൽവേമന്ത്രി പിയൂഷ് ഗോയലിന് കത്ത് നൽകി. വടക്കു ഭാഗങ്ങളിൽ നിന്ന് രോഗികളുൾപ്പെടെയുള്ള യാത്രക്കാർക്ക് തലസ്ഥാന നഗരത്തിലെത്താനുള്ള മാർഗമാണ് ഇതോടെ ഇല്ലാതാകുന്നത്. വരുമാനം കുറയുന്നത് കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിനാലാണ്. ഇതു ചൂണ്ടിക്കാട്ടി ട്രെയിൻ നിറുത്തുന്നത് നീതി നിഷേധമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകൾ കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള കാരണങ്ങളാൽ മുടങ്ങിയതിനാൽ നിലവിൽ യാത്രാ സൗകര്യമില്ല. തീരുമാനം പിൻവലിച്ച് അടിയന്തരമായി സർവീസുകൾ പുനഃസ്ഥാപിക്കാൻ നടപടിയെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു