കോഴിക്കോട്:കൊവിഡ് പശ്ചാത്തലത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം വീടുകളിൽ വിവിധ പരിപാടികളോടെ നടന്നു. പീലിത്തിരുമുടിയും ഗോപിക്കുറിയും പീതാംബരവും ഓടക്കുഴലും വനമാലയുമായി കൃഷ്ണവേഷമണിഞ്ഞ ബാലികാ ബാലൻമാർ വീടുകളെ അമ്പാടിയാക്കി.
'വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം' എന്ന സന്ദേശം വിളംബരം ചെയ്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വീടുകളിലെ ആഘോഷം.
കുട്ടികൾ കൃഷ്ണ, ഗോപിക വേഷങ്ങളും മുതിർന്നവർ കേരളീയ വേഷവും ധരിച്ചായിരുന്നു ശ്രീകൃഷ്ണ ജയന്തിയെ വരവേറ്റത്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് വീടുകളിൽ നേരെത്തെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 24000 വീടുകളിലാണ് കൃഷ്ണനൂട്ട് നടന്നത്. വീടുകൾ വൃന്ദാവനം മാതൃകയിൽ അലങ്കരിച്ചും കൃഷ്ണകുടീരം ഒരുക്കിയും ഭഗവാന്റെ ജന്മദിനത്തെ വരവേറ്റു. ഗോപൂജ, തുളസീവന്ദനം, ഭജനസന്ധ്യ, പാരായണം, ഗീതാവന്ദനം, വൃക്ഷപൂജ മുതലായ പരിപാടികളും വീടുകൾ കേന്ദ്രീകരിച്ച് നടന്നു. ഓൺലൈനായി നടന്ന കൃഷ്ണലീലാ കലോത്സവത്തിൽ ജില്ലയിൽ നിന്ന് 25,000 കുട്ടികൾ പങ്കെടുത്തു.
വീട്ടിലൊരുക്കിയ കൃഷ്ണകുടീരത്തിന് മുന്നിൽ കൃഷ്ണപൂക്കളം തീർത്താണ് ഇന്നലെ രാവിലെ ആഘോഷങ്ങൾക്ക് തുടക്കമായത്. ഉച്ചയ്ക്ക് വീട്ടിലെ കുട്ടികൾക്കും അയൽ വീട്ടിലെ കുട്ടികൾക്കും കൃഷ്ണവേഷത്തിൽ കണ്ണനൂട്ട് നടത്തി. വൈകിട്ട് 4.30 ഓടെ വീടുകളിലെ ബാലികാ ബാലന്മാർ രാധാകൃഷ്ണന്മാരായി വേഷം അണിഞ്ഞു. 5.30ന് ശ്രീകൃഷ്ണ വേഷമണിഞ്ഞ കുട്ടി കൃഷ്ണകുടീരത്തിൽ അലങ്കരിച്ച് വച്ചിരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിലെ നിലവിളക്ക് തെളിയിച്ചു. തുടർന്ന് ബാലഗോകുല പ്രാർത്ഥന, ഹരേ രാമ മന്ത്രം, ഗോകുല ഗീതം, ഭജന തുടങ്ങിയവ ആലപിച്ചു. വീടുകൾ മൺചിരാതുകൾ കൊണ്ട് ദീപാലങ്കൃതമാക്കിയാണ് ഏവരും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചത്. കൊവിഡ് -19 പ്രതിരോധ പ്രവർത്തകർക്ക് ആദരം അർപ്പിച്ചും വിശ്വശാന്തിക്കായി പ്രാർത്ഥിച്ചും നടന്ന ചടങ്ങുകൾ പ്രസാദ വിതരണത്തോടെ സമാപിച്ചു.