ഇതുവരെ കണ്ടത് ഏഴിടത്ത്
കൊല്ലം: ചാത്തന്നൂർ ശീമാട്ടിയിലും പരിസര പ്രദേശങ്ങളിലും കറങ്ങിനടക്കുന്ന കരടിയെ കുടുക്കാൻ വനംവകുപ്പ് തേൻ കെണി വച്ചു. രാത്രി തങ്ങാൻ ഏറെ സാദ്ധ്യതയുള്ള ശീമാട്ടി സ്പിന്നിംഗ് മില്ല് കോമ്പൗണ്ടിലാണ് കെണിയൊരുക്കിയത്.
ഏകദേശം 1,200 കിലോ ഭാരമുള്ള കൂടിനകത്താണ് കെണി. 35 പേർ ചേർന്നാണ് കടുവകളെ ഇടാൻ ഉപയോഗിക്കുന്ന കൂട് ലോറിയിൽ നിന്ന് ചുമന്ന് സ്പിന്നിംഗ് മിൽ വളപ്പിലെത്തിച്ചത്. കരടികളുടെ ഇഷ്ട വിഭവമായ തേനാണ് ഉള്ളിൽ വച്ചിരിക്കുന്നത്. സമീപത്ത് കൂടി കടന്നുപോയാൽ മണമടിച്ച് തേൻ കുടിക്കാൻ കൂട്ടിനുള്ളിൽ കയറുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കരടിയെ കണ്ട സ്ഥലങ്ങൾ അടിസ്ഥാനമാക്കി റൂട്ട് മാപ്പ് തയ്യാറാക്കിയ ശേഷമാണ് സ്പിന്നിംഗ് മിൽ പരിസരത്താകും കരടി തങ്ങുന്നതെന്ന നിഗമനത്തിൽ വനംവകുപ്പ് എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ ഇവിടേക്ക് മടങ്ങിവരുന്നതിനിടയിലാകാം ചാത്തന്നൂരിലെ എസ്.ഐ കണ്ടത്. ഇന്ന് പുലർച്ചെ സ്പിന്നിംഗ് മില്ലിനോട് ചേർന്ന് റബർ ടാപ്പിംഗിനിടെ പട്ടി ഭയങ്കരമായി കുരച്ചതായി ടാപ്പിംഗ് തൊഴിലാളി പറഞ്ഞിരുന്നു. ഇതും വിളപ്പുറം ഭാഗത്ത് തേനടക്കമുള്ള ഭക്ഷണം തേടി കറങ്ങിയ ശേഷം ഒളിവ് കേന്ദ്രത്തിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാകാമെന്നും സംശയിക്കുന്നു. ബുധനാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി കരടിയെ കണ്ട ഏഴ് കേന്ദ്രങ്ങളിൽ നിന്ന് കാൽപാടുകൾ ലഭിച്ചിട്ടുണ്ട്. ഇത് കരടിയുടേത് തന്നെയാണെന്ന് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ വനംവകുപ്പ് സംഘം സ്ഥലത്ത് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിന് ശേഷമാണ് റൂട്ട് മാപ്പ് തയ്യാറാക്കി കെണിവച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ ശീമാട്ടി ജെ.എസ്.എം ആശുപത്രിക്ക് സമീപമാണ് ആദ്യമായി കരടിയെ കണ്ടത്.
കണ്ടാൽ വെടിവയ്ക്കും
രാത്രിയടക്കം വനംവകുപ്പ് സംഘത്തിന്റെ കണ്ണിൽ കരടി പെട്ടാൽ അപ്പോഴേ മയക്കുവെടി വയ്ക്കും. അല്ലെങ്കിൽ വലയെറിഞ്ഞ് കുടുക്കും. അതുകൊണ്ട് തന്നെ കരടിയുടെ പിന്നാലെ ആളുകൾ കൂട്ടംകൂടി ഓടരുത്. അത് വലയെറിയാനും വെടിവയ്ക്കാനും തടസമാകും. കരടിയെ കണ്ട പ്രദേശങ്ങളുടെ രണ്ട് കിലോ മീറ്റർ ചുറ്റളവിൽ വനംവകുപ്പ് പട്രോളിംഗ് നടത്തുന്നുണ്ട്. അഞ്ചൽ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വന്നവഴി
1. ഇത്തിക്കര കായലിന്റെ തീരം വഴി നടന്നോ ഒഴുക്കിൽപ്പെട്ടോ വനമേഖലയിൽ നിന്ന് എത്തിയതാകാം
2. മടത്തറയോട് ചേർന്നുള്ള വനമേഖലയിൽ നിന്ന് നടന്നെത്തിയതാകാം
3. ശീമാട്ടിയും മടത്തറയിലെ വനമേഖലയും തമ്മിൽ റോഡ് മാർഗം 42 കിലോ മീറ്റർ ദൂരം
4. ഇത്രയധികം ദൂരം സഞ്ചരിക്കാൻ കരടിക്ക് രണ്ട് ദിവസം പോലും വേണ്ട
5. തമിഴ്നാട് അതിർത്തി വഴി വന്ന ലോറികൾക്ക് മുകളിൽ പെട്ടതുമാകാം
6. നടന്നുവന്നതാണെങ്കിൽ കാട്ടിലേക്ക് തിരികെ പോകാനുള്ള സാദ്ധ്യതയുണ്ട്
7. മനുഷ്യമാംസം കഴിക്കില്ലെങ്കിലും പ്രാണരക്ഷാർത്ഥം ആഴത്തിൽ മുറിവേൽപ്പിക്കും
''
രാത്രിയിൽ എല്ലാ വീടുകളിലും പുറത്ത് വെളിച്ചമിടണം. കൃത്രിമ വെളിച്ചം കരടിക്ക് ഭയമാണ്. നവമാദ്ധ്യമങ്ങൾ വഴിയുള്ള കുപ്രചരണങ്ങൾ അവസാനിപ്പിക്കണം. കരടിയെ കണ്ടാൽ ഉടൻ തന്നെ വനവകുപ്പിനെയോ പൊലീസിനെയോ ഫയർഫോഴ്സിനെയോ അറിയിക്കണം. പ്രകോപിപ്പിച്ചാൽ ഉപദ്രവിക്കും.
ബി.ആർ. ജയൻ
അഞ്ചൽ റേഞ്ച് ഓഫീസർ