ഗുരുവായൂർ: ഗോപികാ നൃത്തവും ഉറിയടി ഘോഷയാത്രയും പിറന്നാൾ സദ്യയുമില്ലാതെ കണ്ണന്റെ പിറന്നാൾ ആഘോഷിച്ചു. പിറന്നാൾ ദിനത്തിൽ കണ്ണനെ ഒന്ന് കാണാൻ നിരവധി ഭക്തരാണ് ഗുരുപവനപുരിയിലെത്തിയത്. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വർണ കോലം എഴുന്നെള്ളിച്ചു. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം അ കമ്പടിയായി. ഉച്ചതിരിഞ്ഞ് നടന്ന കാഴ്ചശീവേലിയ്ക്കും മേളം അകമ്പടിയായി. രാത്രി വിളക്കെഴുന്നള്ളിപ്പിന് വിശേഷാൽ ഇടയ്ക്ക വാദ്യവും നാദസ്വരവും അകമ്പടിയായി. മാർച്ച് 21ന് കൊവിഡ് നിയന്ത്രണങ്ങൾ വന്നശേഷം ആദ്യമായാണ് ഗുരുവായൂരിൽ വിളക്കെഴുന്നള്ളിപ്പ് നടക്കുന്നത്. അഷ്ടമി രോഹിണി ദിവസത്തെ പ്രധാന വഴിപാടായ അപ്പം 10000 എണ്ണം തയ്യാറാക്കി അത്താഴപൂജയ്ക്ക് ഭഗവാനു നിവേദിച്ചു. 520 ലിറ്റർ പാൽപായസം, നെയ്പായസം, അട തുടങ്ങിയവയും നിവേദിച്ചു. രാത്രി ക്ഷേത്രത്തിൽ ക്ഷേത്ര കലാനിലയം അവതരിപ്പിച്ച കൃഷണനാട്ടം അവതാരം കളിയും അരങ്ങേറി.