ബെർലിൻ: മുൻ ലോക ചാമ്പ്യൻ സെബാസ്റ്റ്യൻ വെറ്റൽ ഇറ്റാലിയൻ റേസിംഗ് ടീമായ ഫെറാരിയിൽ നിന്ന് ആസ്റ്റൺ മാർട്ടിനിലേക്ക് മാറിയതായി ഫോർമുല വൺ അധികൃതർ അറയിച്ചു. വെറ്റലുമായുള്ള കരാർ ഇത്തവണ ഫെറാരി പുതുക്കിയിരുന്നില്ല. ഇതിനെത്തുടർന്നാണ് 33 കാരനായ വെറ്റൽ ടീം വിട്ടത്. ഫെരാരിയിൽ എത്തുന്നതിന് മുൻപ് റെഡ്ബുള്ളിലായിരുന്നു വെറ്റൽ. 2010 മുതൽ 2013 വരെ തുടർച്ചയായി നാല് തവണ റെഡ്ബുള്ളിന് ലോക കിരീടങ്ങൾ വെറ്റൽ സമ്മാനിച്ചിട്ടുണ്ട്. പക്ഷേ ഫെറാരിയിൽ ആ മികവ് നിലനിറുത്താൻ വെറ്റലിന് ആയില്ല. നിലവിൽ റേസിംഗ് പോയിന്റ് എന്നറിയപ്പെടുന്ന ടീം അടുത്ത സീസൺ മുതൽ ആസ്റ്റൺ മാർട്ടിൻ എന്നപേരിലാകും അറിയപ്പെടുക.
റേസിംഗ് പോയിന്റിൽ കാനഡക്കാരൻ ലൊറൻസ് സ്ട്രോൾ വൻനിക്ഷേപം നടത്തിയതിന് പിന്നാലെയാണ് റേസിംഗ് പോയിന്റ് ആസ്റ്റണ് മാർട്ടിൻ ടീമായി മാറുന്നത്. ഈ സീസണിന് ശേഷം റേസിംഗ് പോയിന്റ് വിടുന്ന മെക്സിക്കൻ ഡ്രൈവർ സെർജിയോ പെരേസിന് പകരക്കാരനാണ് വെറ്റൽ എത്തുന്നത്.
ഫെറാരി ടീമിൽ വെറ്റൽ ആറ് വർഷമുണ്ടായിരുന്നു. ഞായറാഴ്ച്ച ഇറ്റലിയിലെ മുഹെല്ലോയിൽ നടക്കുന്ന ടസ്കൻ ഗ്രാൻഡ് പ്രിക്സിന് മുന്നോടിയായി 13 ആം സ്ഥാനത്താണ് ഇപ്പോൾ വെറ്റലുള്ളത്. 2019 സിംഗപ്പൂർ ഗ്രാൻഡ് പ്രിക്സിലായിരുന്നു വെറ്റലിന്റെ ഏറ്റവും അവസാനത്തെ ജയം.
കരിയറിൽ ഇതുവരെ 53 ജയങ്ങൾ
ഫോർമുല വൺ ചരിത്രത്തിൽ ഏറ്റവും
കൂടുതൽ ജയങ്ങൾ നേടിയ മൂന്നാമത്തെ ഡ്രൈവർ.
സ്ട്രോളിന്റെ മകനായ ലാൻസും ആസ്റ്റൺ മാർട്ടിൻ ടീമിലുണ്ട്. ഐതിഹാസിക കാർ കമ്പനിയുടെ ഭാഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. ഈ സീസണിൽ റേസിംഗ് പോയിന്റ് കുറിച്ച നേട്ടങ്ങൾ മികച്ചതാണ്.
ഭാവിയിൽ ടീമിനൊപ്പം വലിയ ഉയരങ്ങൾ കീവടക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.
വെറ്റൽ