ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻഡ്സ്ലാം പുരുഷ സിംഗിൾസിൽ ഡൊമനിക്ക് തീമും ഡാനിയേൽ മെദ്വദേവും സെമി ഫൈനലിൽ പ്രവേശിച്ചു. 21-ാം സീഡ് ആസ്ട്രേലിയയുടെ അലക്സ് ഡി മിനൗറിനെ നേരിട്ടുള്ള സെറ്റുകളിൽ അനായാസം മറികടന്നാണ് തീം സെമി ഉറപ്പിച്ചത്. രണ്ട് മണിക്കൂറും 7 മിനിട്ടും നീണ്ട മത്സരത്തിൽ 6-1,6-2,6-4നായിരുന്നു തീമിന്റെ വിജയം. എതിരാളിക്ക് ഒരു ഘട്ടത്തിൽപ്പോലും ആധിപത്യം നൽകാതെയായിരുന്നു തീമിന്റെ പടയോട്ടം.
അഞ്ചാം റാങ്കുകാരനും മൂന്നാം സീഡുമായ റഷ്യൻ താരം മെദ്വദേവ് നേരിട്ടുള്ള സെറ്റുകൾക്ക് നാട്ടുകാരൻ കൂടിയായ ആന്ദ്രേ റൂബ്ലീവിനെ 7-6, 6-3,7-6ന് തോൽപ്പിച്ചാണ് സെമിയുറപ്പിച്ചത്.
രണ്ട് മണിക്കൂറും 27 മിനുട്ടും മത്സരം നീണ്ടു. രണ്ട് സെറ്റും ടൈ ബ്രേക്കറിനൊടുവിലാണ് മെദവ്ദേവ് സ്വന്തമാക്കിയത്.
പുരുഷ സിംഗിൾസിലെ രണ്ടാം സെമിയിൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വെരേവ് സ്പെയ്നിന്റെ പാബ്ലോ കരേനൊ ബുസ്റ്റയെ നേരിടും. ഇത്തവണ യു.എസ് പുരുഷ സിംഗിൾസ് കിരീടത്തിന് പുതിയ അവകാശിയായിരിക്കും. ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് അയോഗ്യനാക്കപ്പെടുകയും റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർ ടൂർണമെന്റിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.
മദർ സുപ്പീരിയേഴ്സ് !
ന്യൂയോർക്ക്: യു.എസ് ഗ്രാൻഡ് സ്ലാം ടെന്നീസ് ടൂർണമെന്റിന്റെ സെമിയിലും അമ്മമാരുടെ പോരാട്ടം ഇരുപത്തിന്നാലാം ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ടിരിക്കുന്ന സെറീന വില്യംസും സീഡില്ലാ താരമായെത്തിയ വിക്ടോറിയ അസരങ്കയും തമ്മിലുള്ള സെമിയാണ് അമ്മമാരുടെ പോരാട്ടമായി മാറിയത്. അമ്മയായ ശേഷം മൂന്ന് വർഷത്തെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തയ ബർഗേറിയൻ താരം സ്വെറ്റാന പിറങ്കോവയെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് സെറീന അവസാന നാലിൽ ഇടം ഉറപ്പിച്ചത്. ആദ്യ സെറ്റ് 4-6ന് നഷ്ടപ്പെടുത്തിയ ശേഷം അടുത്ത രണ്ട് സെറ്റുകൾ യഥാക്രമം 6-3, 6-2ന് സ്വന്തമാക്കിയാണ് സെറീന വിജയംസ്വന്തമാക്കിയത്. 2 മണിക്കൂറും 31 മിനിട്ടും നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് 33 കാരിയായ പിറൊങ്കോവയുടെ വെല്ലുവിളി 38കാരിയായ സെറീന മറികടന്നത്.
അസരങ്കര ബൽജിയൻ അത്ഭുത താരം പതിനാറാം സീഡ് എലിസെ മെർട്ടൻസിനെ നേരിട്ടുള്ള സെറ്റുകളിൽ അനായാസം കീഴടക്കിയാണ് സെമിയിൽ കടന്നത്. ഒരു മണിക്കൂറും 14 മിനിട്ടും കൊണ്ട് 6-1,6-4ന് അസരങ്ക ജയിച്ചു കയറി.
കരിയറിലെ ഏഴാം യു.എസ് ഓപ്പണാണ് സെറീന ലക്ഷ്യമിടുന്നത്. വനിതാ സിംഗിൾസിലെ മറ്റൊരു സെമിയിൽ 2018ലെ ചാമ്പ്യയായ ജപ്പാന്റെ നവോമി ഒസാക്ക ആതിഥേയ താരം ജെന്നിഫർ ബ്രാഡിയെ നേരിടും. ക്വാർട്ടറിൽ ബ്രാഡി പുടിൻസ്റ്റീവയെയാണ് പരാജയപ്പെടുത്തിയത്. റോജേഴ്സിനെ തോൽപ്പിച്ചാണ് മുൻ ലോക ഒന്നാം നമ്പർ താരം ഒസാക്ക സെമിയിലെത്തിയത്.