ഒരു കണ്ണിറുക്കൽ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ പ്രിയ വാര്യർക്ക് ഇന്ന് പിറന്നാൾ
പ്രിയ വാര്യർഒരു കണ്ണടച്ച് തുറന്നപ്പോഴേക്കും ലക്ഷക്കണക്കിന് ആരാധകർ കൂടെ പോന്നു. കടക്കണ്ണിൻ മുന കൊണ്ട് മലയാളികളെ കറക്കി വീഴ്ത്തിയ 'അഡാറ് ' പെൺകുട്ടി ഇപ്പോഴും അദ്ഭുത ലോകത്താണ്.ഒറ്റ ദിവസം കൊണ്ട് ഇത്രയേറെ ശ്രദ്ധ നേടിയ മറ്റൊരു താരവും മലയാള സിനിമയിലില്ല. പ്രിയ വാര്യർക്ക് ഇന്ന് ഇരുപത്തിയൊന്നാം പിറന്നാൾ. തൃശൂരിലെ വീട്ടിലാണ് ഇത്തവണ താരത്തിന്റെ പിറന്നാൾ ആഘോഷം. പ്രിയ മനസുതുറക്കുന്നു.
ശ്രീദേവി ബംഗ്ളാവ് എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു.പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രത്തിന്റെ സംവിധായകൻ. വി.കെ .പ്രകാശ് സാറിന്റെ വിഷ്ണു പ്രിയ എന്ന കന്നഡ ചിത്രത്തിലും അഭിനയിച്ചു. അദ്ദേഹത്തിന്റെ നാല്പതുകാരന്റെ ഇരുപതുകാരി എന്ന പുതിയ മലയാള ചിത്രത്തിലും ഞാൻ അഭിനയിക്കുന്നുണ്ട്. അനൂപ് ചേട്ടനാണ് (അനൂപ് മേനോൻ )ചിത്രത്തിലെ നായകൻ. ഒരുപാട് തിരക്കഥകൾ കേൾക്കുന്നുണ്ട് .നല്ല സിനിമകൾ ചെയ്യണം.
ചെറിയൊരു വേഷം ചെയ്യാനാണ് ഞാൻ അഡാർ ലവിന്റെ ലൊക്കേഷനിൽ എത്തിയത്. റോഷൻ അഭിനയിക്കുന്ന ഒരു രംഗത്തിൽ ഒപ്പം പടികളിറങ്ങി വരാൻ സംവിധായകൻ ഒമർ ഇക്ക എന്നെ വിളിച്ചു.അത് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ചിത്രത്തിലെ നായികമാരിൽ ഒരാളാക്കാൻ തീരുമാനിക്കുന്നത്. ആദ്യദിവസം രണ്ട് ഷോട്ടേ എടുത്തുള്ളൂ. പിറ്റേന്ന് മുതൽ പാട്ടാണ് ഷൂട്ട് ചെയ്തത്. പുരികം ഉയർത്തുന്ന രംഗം നേരത്തേ പ്ളാൻ ചെയ്തതല്ല. പാട്ടിന്റെ ഷൂട്ടിംഗിനിടയിൽ ഇങ്ങനെ ചെയ്യാമോയെന്ന് ചോദിക്കുകയായിരുന്നു. ഞാനത് ചെയ്തു. അത് ഇത്ര ഹിറ്റാകുമെന്ന് കരുതിയില്ല.
തൃശൂർ പൂങ്കുന്നത്താണ് എന്റെ വീട്. അച്ഛനും അമ്മയും അനിയനും മുത്തച്ഛനും മുത്തശ്ശിയുമെല്ലാം വലിയ സന്തോഷത്തിലാണ്. നടിയാകണമെന്നാണ് എന്റെ ആഗ്രഹമെന്ന് നേരത്തേ പറഞ്ഞിരുന്നു. അവർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല മോഡലിംഗിലും അഭിനയത്തിലും പാട്ടിലുമെല്ലാം പിന്തുണയുമായി ഒപ്പമുണ്ട്. ഇന്നുള്ള സിനിമകളിൽ നായികമാർക്കും അർഹമായ പ്രാതിനിധ്യം കിട്ടുന്നുണ്ടെന്നാണ് തോന്നുന്നത്. തീർച്ചയായും കഠിനാദ്ധ്വാനത്തിലൂടെ നായികമാർക്കും തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ കഴിയും. ഇക്കാര്യത്തിൽ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. പുരുഷൻ, സ്ത്രീ എന്നുള്ള വിവേചനം ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്.
പൗലോ കൊയ്ലോയുടെ 'ആൽക്കെമിസ്റ്റ്' എന്ന നോവലാണ് ഇപ്പോൾ ഓർമ്മവരുന്നത്. 'നമുക്കൊരു സ്വപ്നമുണ്ടെങ്കിൽ അതിന്റെ പൂർത്തീകരണത്തിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചാൽ എന്നെങ്കിലും അത് സാക്ഷാത്കരിക്കപ്പെടും.' എന്റെ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിന്റെ തുടക്കമായിട്ടാണിതിനെ കാണുന്നത്. കഠിനാദ്ധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കാനാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. അതിന് എല്ലാവരുടെയും ആശംസകളും പ്രാർത്ഥനകളുമുണ്ടാകണം.
എനിക്ക് പ്രണയത്തെ കുറിച്ച് വലിയ പിടിയില്ല. ഇതുവരെ പ്രണയിച്ചിട്ടില്ല. ഫേസ്ബുക്കിലൊക്കെ ഒരുപാട് മെസേജുകൾ വരുന്നു. ചിലരൊക്കെ ഫോണിലും വിളിക്കുന്നുണ്ട്. പ്രണയത്തെ കുറിച്ച് ആലോചിക്കാനൊന്നും ഇപ്പോൾ സമയമില്ല. നല്ല സിനിമകളിൽ അഭിനയിക്കണം.അച്ഛൻ പ്രകാശ് വാര്യർ, സെൻട്രൽ എക്സൈസിൽ ഉദ്യോഗസ്ഥനാണ്. ഇപ്പോൾ എറണാകുളത്ത് ജോലി ചെയ്യുന്നു. അമ്മ പ്രീത വീട്ടമ്മയാണ്. അമ്മയുടെ നാട് മണ്ണാർക്കാടാണ്. അമ്മ കൂടുതൽ കാലം കോയമ്പത്തൂരായിരുന്നു. ഡിഗ്രി പഠനകാലത്താണ് അമ്മ തൃശൂരിൽ എത്തുന്നത്. അനുജൻ പ്രസിദ്ധ് സന്ദീപനി .അച്ഛൻ നന്നായി പാട്ടുപാടും. അച്ഛന്റെ വിദ്യാഭ്യാസം ഉത്തരേന്ത്യയിലായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദി ഗാനങ്ങളോടാണ് അച്ഛന് കൂടുതൽ ആഭിമുഖ്യം.