ഒറ്റപ്പാലം: അധികൃതർ ഒടുവിൽ കണ്ണുതുറന്നു, കണ്ണിയമ്പുറം- പനമണ്ണ റോഡ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കും.
നഗരസഭയുടെ നാല് വാർഡിലൂടെയും അനങ്ങനടി പഞ്ചായത്തിലെ രണ്ടു വാർഡിലൂടെയും കടന്നുപോകുന്ന റോഡിന്റെ നാല് കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ നവീകരിക്കുക. ഇതിന് 40 ലക്ഷം വകയിരുത്തി. ബാക്കി രണ്ടു കിലോമീറ്ററിലെ കുഴിയടയ്ക്കുന്ന ജോലിയും നടക്കും. ഇതിന്റെ കരാർ പൂർത്തിയായി. മഴ മാറിയാൽ അടുത്തയാഴ്ചയോടെ പണിയാരംഭിക്കും. ഇതോടൊപ്പം വട്ടനാലിന് സമീപം തകർന്ന കലുങ്കും നവീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
യാത്രാദുരിതത്തിന് പരിഹാരം
കണ്ണിയമ്പുറം- പനമണ്ണ റോഡ് തകർന്നിട്ട് വർഷങ്ങളായി. പലയിടത്തും ടാറിളകി വലിയ കുഴികളാണുള്ളത്.
സ്കൂളുകൾ, ആശുപത്രി സബ് സെന്ററുകൾ, നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാന്റ് എന്നിവ ഈ റൂട്ടിലാണ്.
നിത്യവും നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ സർവീസ് നിറുത്തി സമരം ചെയ്തിരുന്നു.
ആറ് കി.മീ. റോഡിലൂടെ സർവീസ് നടത്തുന്ന ബസുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി.