ആലപ്പുഴ: ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 1,05,608 കോടിയുടെ പ്രവർത്തനങ്ങളാണ് പൊതുമരാമത്തു വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് മന്ത്റി ജി.സുധാകരൻ പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നത് ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങളാണ്. മാവേലിക്കര മണ്ഡലത്തിലെ ളാഹ - ചുനക്കര റോഡിന്റെ നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്റി.
കൊവിഡ് കാലത്തെ പ്രയാസങ്ങൾ അവഗണിച്ച് പൊതുമരാമത്തു വകുപ്പ് സംസ്ഥാനത്ത് നടത്തുന്നത് മാതൃകാപരമായ വികസന പ്രവർത്തനങ്ങളാണ്. ഇതിനായി വകുപ്പിലെ ഉദ്യോഗസ്ഥരും എൻജിനീയർമാരും അക്ഷീണം പ്രവർത്തിക്കുന്നു. കുറ്റമറ്റ രീതിയിലാണ് സംസ്ഥാനത്തെ റോഡുകളും പാലങ്ങളും നിർമ്മിക്കുന്നത്.
ജില്ലയുടെ സ്വപ്ന പദ്ധതിയായ ആലപ്പുഴ ബൈപാസിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഒക്ടോബർ അവസാനത്തോടെ നിർമ്മാണം പൂർത്തിയാകും. ആലപ്പുഴ -ചങ്ങനാശേരി റോഡ് ഉയർത്തിപ്പണിയാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. 625 കോടിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഈ റോഡിലുൾപ്പെടുന്ന പള്ളാത്തുരുത്തി, നെടുമുടി, കിടങ്ങറ പാലങ്ങളുടെ നിർമാണത്തിന് 115 കോടിയാണ് ചെലവ്. 82 ചെറിയ പാലങ്ങളുമുണ്ട്. ഈ റോഡിന്റെ പണി പൂർത്തിയാകുന്നതോടെ കുട്ടനാട്ടിൽ മഴക്കാലത്തെ ഗതാഗത പ്രശ്നങ്ങൾ അവസാനിക്കുമെന്നും മന്ത്റി പറഞ്ഞു.
ആർ. രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്തു നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ വി. അംബിക റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഗോപാലകൃഷ്ണൻ, തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണൻ, പൊതുമരാമത്തു വകുപ്പ് റോഡ് എക്സിക്യുട്ടീവ് എൻജിനീയർ ബി.വിനു തുടങ്ങിയവർ പങ്കെടുത്തു.