കാഞ്ഞങ്ങാട്: തുളുനാടിനും ഭാഷയ്ക്കും അർഹമായ പരിഗണന കിട്ടുന്നില്ലെന്ന ആവലാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കാസർകോട് ജില്ലയിലെയും ദക്ഷിണ കർണാടകയിലേയും വലിയൊരു ജനവിഭാഗത്തിന്റെ പ്രധാനഭാഷയായിട്ടും അവഗണനയ്ക്ക് ഇന്നുവരെ ഒരു മാറ്റവുമുണ്ടായിട്ടില്ല. ഈ അവഗണനക്കിടെ തുളു ഭാഷയിൽ രചിച്ച ഒരു ഗ്രന്ഥം ആദ്യമായി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയാണ്.
ജവഹർലാൽ നെഹ്റുവിന്റെ സന്തത സഹചാരിയും സ്വാതന്ത്ര്യ സമര സേനാനിയും സഹകാരിയുമായിരുന്ന എസ്.യു. പനിയാഡി 1921 ൽ രചിച്ച തുളുഭാഷയിലെ ആദ്യ നോവലായ സതികമലെയുടെ മലയാള വിവർത്തനം താമസിയാതെ പ്രകാശനം ചെയ്യപ്പെടും. കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ നേരത്തെ വിവർത്തനം ചെയ്യപ്പെട്ട നോവൽ ഡോ. എം.എം ശ്രീധരനാണ് സതികമല എന്ന പേരിൽ പുറത്തിറക്കുന്നത്.
ലിപിയില്ലെന്നും സാഹിത്യമില്ലെന്നും പറഞ്ഞ് തമസ്കരിച്ച തുളു ഭാഷയിൽ മാറുന്ന സാംസ്കാരിക ജീവിതത്തെയും സാമൂഹ്യാവസ്ഥകളെയും ആഴത്തിൽ പരാമർശിക്കുന്ന നോവലുകളും കഥകളും ഉണ്ടായിട്ടുണ്ടെന്ന് ഈ വിവർത്തനം സ്ഥാപിക്കുന്നു.
സതികമല
ദേശീയപ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചുപറയുന്ന കൃതി. ഹിമാലയത്തിന്റെയും മംഗലാപുരം, മദ്രാസ് എന്നീ നഗരങ്ങളുടെയും പശ്ചാത്തലത്തിലാണ് കഥ . നാട്ടുഭാഷകളുടെ സംരക്ഷണം, വിദേശവസ്ത്ര ബഹിഷ്കരണം, ഖാദിയുടെ പ്രചാരം, ഏകപത്നീവ്രതം തുടങ്ങി ദേശീയ പ്രസ്ഥാനകാലത്തെ നോവലുകളുടെ പ്രമേയങ്ങളിൽ കാണുന്ന സമാനത സതികമലയെ ശ്രദ്ധേയമാക്കുന്നു.
സംസ്കാരികമായ ബഹുസ്വരതകളില്ലാതാകുന്ന വർത്തമാന കാലത്ത് മലയാള ഭാഷയുടെ പ്രാക്തനതയെക്കുറിച്ച് ചിന്തിച്ചവരെല്ലാം സംസ്കൃതത്തിന്റെയും തമിഴിന്റെയും പാരമ്പര്യവഴികളിലൂടെയാണ് സഞ്ചരിച്ചത്. കേരളത്തിന്റെ വടക്കെ അറ്റത്തുള്ള തുളുഭാഷയെ ആരും പരിഗണിച്ചില്ല. ഏറെക്കാലമായി ജീവിതത്തിന്റെ എല്ലാ തുറകളിലും അവഗണിക്കപ്പെട്ട കാസർകോടിന്റെ മറ്റൊരു ദുർവിധിയായി ഇതിനെ കാണണം. ഈ സാഹചര്യത്തിലാണ് ഒരു ദേശത്തെയും ഭാഷയെയും സംസ്കാരത്തെയും സാഹിത്യത്തെയും അടയാളപ്പെടുത്തുവാനുള്ള ശ്രമങ്ങളുണ്ടാകുന്നത്.
ഡോ. എം. എം. ശ്രീധരൻ