വിതുര: പൊന്മുടിയുടെ വിനോദസഞ്ചാര ഭൂപടത്തിൽ പുതിയ കാഴ്ച സമ്മാനിച്ച് പരിസ്ഥിതി സൗഹൃദ പൊലീസ് സ്റ്റേഷൻ. മൂടൽമഞ്ഞിൽ മുങ്ങിക്കുളിച്ചു കിടക്കുന്ന പൊന്മുടിയിൽ മഞ്ഞ്വീഴ്ച ശക്തമാകുമ്പോൾ പൊലീസ് സ്റ്റേഷൻ അപ്രത്യക്ഷമാകുന്ന അതി മനോഹരമായ ദൃശ്യവും ഇനി സഞ്ചാരികൾക്ക് കാണാം. പരിസ്ഥിതിക്ക് ഒട്ടും കോട്ടം തട്ടാതെയാണ് അപ്പർ സാനിറ്റോറിയം കേന്ദ്രമാക്കി സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. പ്രകൃതി സൗഹൃദ നിർമിതിയിലേക്കും, പരമ്പരാഗത തനിമകളിലേക്കും മടങ്ങി പോകാൻ വെമ്പൽകൊള്ളുന്ന മലയാളി മനസിന്റെ ആഗ്രഹം മുന്നിൽ കണ്ടാണ് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിക്ക് ഒട്ടും കോട്ടം തട്ടാതെ പൊന്മുടിയിൽ കെട്ടിടം നിർമ്മിക്കുക എന്നുള്ളത് കനത്ത വെല്ലുവിളിയായിരുന്നു. പ്രകൃതി സ്നേഹികൾ വെല്ലുവിളി ഉയർത്തിയെങ്കിലും കാനനസൗന്ദര്യം ചോരാതെ അതി മനോഹരമായി തന്നെ പണി പൂർത്തികരിക്കുകയായിരുന്നു. സമ്മർദം ഏറെയുള്ള പൊലീസ് ഡ്യൂട്ടിയിൽ പ്രകൃതിയുടെ തണുപ്പും പച്ചപ്പും താരാട്ടും ഇവിടെ ജോലി നോക്കുന്ന പൊലീസുകാർക്ക് അനുഗ്രഹമാകും.
കോൺഗ്രീറ്റ് നിർമിത കുടുസുമുറികളും, വെളിച്ചം കടക്കാത്ത സെല്ലുകളും ധാരാളമുള്ള നമ്മുടെ നാട്ടിൽ പ്രകൃതി സൗഹൃദവും, സുസ്ഥിരവുമായ ഒരു സ്റ്റേഷൻ കൂടിയായി മാറും പൊന്മുടി സ്റ്റേഷൻ.
പുതിയ സ്റ്റേഷൻ പൊന്മുടിയുടെ മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ട്. വനിതാ പൊലീസുകാർക്കുൾപ്പെടെ രാത്രിയിൽ ജോലി ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകൾ അടക്കം വിനോദസഞ്ചാരികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് പൊൻമുടിയിൽ പൂവണിഞ്ഞത്.