തിരൂരങ്ങാടി: കൊവിഡ് കാലത്തെ ട്രെന്റ് വഴിയോരക്കച്ചവടങ്ങളാണ്. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയവർ, ജോലി നഷ്ടമായവർ എന്നിവർ താരതമ്യേന എളുപ്പം തുടങ്ങാവുന്ന ബിസിനസ് എന്ന നിലയിൽ വഴിയോരക്കച്ചവടത്തിലേക്ക് മാറുകയാണ്. ഓൺലൈൻ പഠനം കഴിഞ്ഞ് സമയമുള്ളതിനാൽ വിദ്യാർത്ഥികളും തെരുവുകച്ചവടത്തിനിറങ്ങുന്നുണ്ട്.
വിവിധ തരത്തിലുള്ള ചെടികളും വിത്തുകളും, അലങ്കാരമത്സ്യങ്ങൾ, പാകം ചെയ്ത ഭക്ഷണം എന്നിവയാണ് വഴിയോരക്കച്ചവടങ്ങളിൽ കൂടുതലായി കാണുന്നത്.
ചെടികൾക്ക് പ്രിയമേറി
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നൂറിലേറെ ചെടി വിൽപ്പന കേന്ദ്രങ്ങൾ ഉയർന്നിട്ടുണ്ട്. തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാല, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് ചെടികളെത്തിക്കുന്നത്. ചെടികൾക്കും ചെടിച്ചട്ടികൾക്കും ജില്ലയിൽ ആവശ്യക്കാരേറി. ചെടികളിൽ ടർട്ടിൽ വെയ്നിനാണ് ഡിമാന്റ് . പുല്ലിന്റെ ഇനത്തിൽപെട്ട ആകർഷകമായ ഈ ചെടി വീടിനു മുൻവശത്ത് ചട്ടിയിൽ തൂക്കിയിട്ടാൽ താഴേക്ക് വള്ളിപ്പടർപ്പായി വളരും. മുന്നൂറിനും ആയിരത്തിനും ഇടയിലാണ് വില.
ചെറിയ ഇലകളോടു കൂടിയതും തളിരിലകൾക്ക് ചുവപ്പ് നിറമുള്ളതുമായ യൂജീനിയക്കും ആവശ്യക്കാരേറെയാണ്. കൊച്ചുതൈയ്ക്ക് ഇരുപത് രൂപയാവും. വലിയ ചെടിക്ക് ആയിരത്തോളം വരും.
പത്ത് മണി, ആന്തൂറിയം, അഡോണിയ, ആഗ്ളോണിമ, വിവിധയിനം റോസാ ചെടികൾ തുടങ്ങിയവക്കും പ്രിയമേറെയാണ്.
റോഡരികിൽ ഭൂമി വാടകയ്ക്കെടുത്ത് അഗ്രിഫാം ഒരുക്കുന്നവരേറെയാണ്. ഓഫീസ്, വെള്ളം തുടങ്ങിയ സൗകര്യങ്ങളൊരുക്കാനേ ചെലവുള്ളൂ. ചുരുങ്ങിയ ചെലവിൽ നഴ്സറി ഒരുക്കാനാവും.
നേരത്തെ വള്ളിക്കുന്ന് അരിയല്ലൂർ കേന്ദ്രീകരിച്ചായിരുന്നു ചെടികളുടെ നഴ്സറി ഉണ്ടായിരുന്നത്. ഇപ്പോൾ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും പരിപാലനവും വിൽപ്പന കേന്ദ്രങ്ങളും സജീവമാണ്. ജൈവവളവും ജൈവ കീടനാശിനിയുമാണ് ഉപയോഗിക്കുന്നത്.
മത്സ്യവിപണി
ചോക്കളേറ്റ് മോളി, ഗൗരാമി, ഗോൾഡ് ഫിഷ്, എസ് കെ ഗോൾഡ്, ഷാർക്ക് ,ഫൈറ്റർ, ലപ്പീസ് എന്നി ഇനങ്ങളിൽ പെട്ട അലങ്കാരമത്സ്യങ്ങൾക്കും പ്രിയമേറെയാണ്. ചോക്കളേറ്റ് മോളി, ലപ്പീസ് എന്നിവയാണ് വിപണിയിലെ താരങ്ങൾ