പത്തനംതിട്ട: തോട്ടം തൊഴിലാളികളുടെ ജോലി വ്യവസ്ഥ സംബന്ധിച്ച് കോടതിയിൽ നടന്ന നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ തൊഴിലാളികൾക്ക് അനുകൂലമായി വിധി. പെരുനാട് എ.വി.ടി തോട്ടത്തിലെ തൊഴിലാളികളെ ടാപ്പിംഗ് ഫീൽഡിൽ നിന്ന് ഫാക്ടറിയിലേക്ക് മാറ്റിയതും റബ്ബർ ടാപ്പിംഗ് തൊഴിലാളികളുടെ സിനിയോറിറ്റി മറികടന്ന് ജോലി തരം തിരിച്ചതും തെറ്റായ നടപടിയെന്ന് കൊല്ലം ലേബർ കോടതി.
മാനേജ്മെന്റ് നടപടികൾ പൂർവ്വസ്ഥിതിയിലാക്കി സിനിയോറിറ്റി പുന:സ്ഥാപിക്കാൻ പ്രിസൈഡിംഗ് ഓഫീസർ എം.എ.ബഷീർ വിധി പ്രസ്താവിച്ചു.
2017ലാണ് സംഭവങ്ങളുടെ തുടക്കം. തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധനയ്ക്കൊപ്പം ടാപ്പ് ചെയ്യേണ്ട മരങ്ങളുടെ എണ്ണം ദിനം പ്രതി 400 ആയി വർദ്ധിപ്പിച്ചതിനെ തുടർന്നുള്ള തർക്കം ജൂലായ് 20ന് എെ.എൻ.ടി.യു.സിയുടെ പണിമുടക്കിലെത്തി.
സമരത്തിന്റെ പേരിൽ തൊഴിലാളികൾക്കെതിരെ അച്ചടക്ക നടപടിയും ക്രിമിനൽ കേസുമുണ്ടായി. രണ്ടു തൊഴിലാളികൾ മരത്തിൽ കയറി ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതിനിടെ, പൊലീസ് സംരക്ഷണത്തിന് കമ്പനി കോടതി വിധി സമ്പാദിച്ചു.
സമരം അവസാനിപ്പിക്കാൻ തൊഴിൽവകുപ്പ് 19 തവണ ചർച്ചകൾ നടത്തിയിരുന്നു. ആറു മാസം നീണ്ട സമരം 2018 ജനുവരിയിൽ ലേബർ കമ്മിഷണറുടെ മധ്യസ്ഥത ചർച്ചയിൽ അവസാനിച്ചു. എന്നാൽ, ഫാക്ടറിയിലേക്ക് മാറ്റിയ ടാപ്പിംഗ് തൊഴിലാളികളെ തിരികെ അയക്കാനും ജോലിക്ക് ഹാജരാകാത്തതു മൂലം നഷ്ടപ്പെട്ട സിനിയോറിറ്റി പുന:സ്ഥാപിക്കാനും മാനേജ്മെന്റ് തയ്യാറായില്ല. ഇതിൽ തീരുമാനമെടുക്കുന്നത് സർക്കാർ ലേബർ കോടതിക്ക് കൈമാറി. കോടതിയിൽ കേസ് രണ്ടര വർഷം നീണ്ടു. സമരത്തെ തുടർന്നുള്ള സംഭവത്തിൽ ക്രിമിനൽ കേസിൽ പ്രതികളായ ആറ് തൊഴിലാളികൾ, പൊലീസ് സാന്നിദ്ധ്യമുള്ള തോട്ടത്തിലെത്തിയാൽ അറസ്റ്റ് നടക്കുമെന്നത് കണക്കിലാക്കി ആ സമയത്തെ ഹാജർ വെട്ടിക്കുറച്ചത് തെറ്റാണെന്ന യൂണിയന്റെ വാദം കോടതി അംഗീകരിച്ചു. തോട്ടവും ഫാക്ടറിയും രണ്ട് നിയമത്തിന്റെ പരിധിയിലാണ് വരുന്നതെന്ന വാദവും അംഗീകരിക്കപ്പെട്ടു. തൊഴിലാളികൾക്ക് വേണ്ടി എെ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴയാണ് ഹാജരായത്.