കോന്നി: ഗവ.മെഡിക്കൽ കോളേജിലെ നിർമ്മാണം പൂർത്തീകരിച്ച മൂന്നാമത്തെയും നാലാമത്തെയും ലിഫ്റ്റുകളുടെ കമ്മിഷനിംഗ് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും ജില്ലാ കളക്ടർ പി.ബി.നൂഹും നിർവഹിച്ചു. ആശുപത്രിയിൽ ഇതോടെ നാല് ലിഫ്റ്റുകളുടെ നിർമ്മാണം പൂർത്തിയായി. രണ്ടെണ്ണത്തിന്റെ കമ്മിഷനിംഗ് നേരത്തേ നടത്തിയിരുന്നു.
20 ആളുകൾക്ക് കയറാനും സ്ട്രക്ച്ചർ കയറ്റാനും കഴിയുന്ന ബെഡ് ലിഫ്റ്റാണ് കമ്മിഷൻ ചെയ്തത്. രണ്ട് ലിഫ്റ്റിനായി 80 ലക്ഷം രൂപയാണ് ചെലവിട്ടത്. മുംബൈ ആസ്ഥാനമായ കോൺ എ കമ്പനിയ്ക്കായിരുന്നു നിർമ്മാണ ചുമതല.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.സജിത്കുമാർ, എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ, നാഗാർജ്ജുന കൺസ്ട്രക്ഷൻ കമ്പനി പ്രൊജക്ട് മാനേജർ അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കുടിവെള്ളം എത്തുന്നു
കോന്നി: ഗവ.മെഡിക്കൽ കോളേജ് വാട്ടർ സപ്ലെ സ്കീമിന്റെ ട്രീറ്റ്മെന്റ് പ്ലാന്റിൽ വെള്ളമെത്തി. നേരത്തെ പമ്പിംഗ് നടത്തിയപ്പോൾ വട്ടമൺ ഭാഗത്ത് പൈപ്പ് പൊട്ടിയിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചാണ് ഇന്നലെ വീണ്ടും പമ്പിംഗ് നടത്തിയത്.
ഇനിയും 325 മീറ്റർ ദൂരം മാത്രമാണ് പൈപ്പിലൂടെ മെഡിക്കൽ കോളേജിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ളത്. ഞായറാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം എത്തിക്കുമെന്ന് വാട്ടർ അതോറിറ്റി പ്രൊജക്ട് വിഭാഗം അസി.എക്സി.എൻജിനിയർ അൻസിൽ ജോർജ്ജ്, അസി.എൻജിനിയർ ആർ.ശ്രീലേഖ എന്നിവർ പറഞ്ഞു.