കണ്ണൂർ: കുട്ടികളുടെ മാനസിക പ്രയാസങ്ങൾ കേട്ടറിഞ്ഞ് അവർക്ക് ധൈര്യം പകരാനും സമ്മർദ്ദം അതീജീവിച്ച് മുന്നേറാനുള്ള പിന്തുണ നൽകുന്നതിനുമായി സ്കൂളുകളിൽ കൗൺസലിംഗ് സെന്റർ സൗകര്യമൊരുക്കി ജില്ലാ പഞ്ചായത്ത്.
ആദ്യഘട്ടം 24 ഡിവിഷനുകളിലെ ഓരോ സ്കൂളിലും രണ്ടാം ഘട്ടത്തിൽ 73 സ്കൂളുകളിലും പദ്ധതി നടപ്പാക്കും.
മൂന്നു ലക്ഷം രൂപയാണ് സെന്ററിനായി ഓരോ സ്കൂളിനും അനുവദിച്ചിട്ടുള്ളത്. അടുത്ത മാസത്തോടെ ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയാകും. നേരത്തെ കുട്ടികളിൽ ആത്മഹത്യ പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു. ഏത് പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്നും ജീവൻ വലിച്ചെറിയാനുള്ളതല്ല എന്നുമുള്ള സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
അഴീക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയ ആദ്യത്തെ കൗൺസലിംഗ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിർവഹിച്ചു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് കൗൺസലിംഗ് സെന്റർ സൗകര്യം ഒരുക്കുന്നത്.ചടങ്ങിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ പി ജയബാലൻ, അംഗം പി കെ സരസ്വതി, സ്കൂൾ പ്രിൻസിപ്പൽ എം ..ഷൈനി, പി..ടി..എ പ്രസിഡന്റ് കെ ഗിരീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ആദ്യ സെന്റർ അഴീക്കോട്
ആധുനിക സൗകര്യങ്ങളോടെയാണ് അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിൽ കൗൺസലിംഗ് സെന്റർ സജ്ജമാക്കിയിട്ടുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മൂന്ന് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. നിർമ്മിതിക്കായിരുന്നു നിർമ്മാണ ചുമതല. കൗൺസലർക്കുള്ള ഇരിപ്പിട സൗകര്യം, കൗൺസലിംഗ് നടത്താനുള്ള മുറി എന്നിവ ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. തികച്ചും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കിക്കൊണ്ടാണ് രൂപകൽപന. സെന്റർ പ്രവർത്തനമാരംഭിക്കുന്നതോടെ കുട്ടികളുടെ പ്രശ്നങ്ങൾ അടുത്തറിയാനും അതുവഴി മെച്ചപ്പെട്ട മാനസികാരോഗ്യം നൽകാനും കൗൺസലർമാർക്ക് സാധിക്കും.
കുട്ടികൾ ഒട്ടേറെ മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന കാലമാണിതെന്നും അവർക്ക് തുറന്നുസംസാരിക്കാൻ സ്കൂളുകളിൽ ഒരിടം ആവശ്യമാണ്. വീടുകളിൽ നിന്നുണ്ടാകുന്ന സമ്മർദ്ദം, മൊബൈൽ ഫോണിന്റെ ദുരുപയോഗം തുടങ്ങി ഒട്ടേറെ മാനസിക പ്രയാസങ്ങൾ കുട്ടികൾക്കിന്നുണ്ട്. സ്കൂളുകളിൽ കൗൺസലർമാർ ഉണ്ടെങ്കിലും അവർക്ക് കുട്ടികളുമായി സംസാരിക്കാൻ പറ്റിയ സാഹചര്യം പലയിടങ്ങളിലും ഇല്ല-
കെ.വി. സുമേഷ്, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്