കോട്ടയം: കേരളകോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫിൽ നിന്ന് വിട്ടതോടെ ഒഴിവു വന്ന നിയമസഭാ സീറ്റ് സ്വന്തമാക്കാൻ കോൺഗ്രസ് നേതാക്കളുടെ പടയൊരുക്കം .ഏറ്റുമാനൂർ, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളാണ് ഇനി കോൺഗ്രസിന് മത്സരിക്കാൻ അധികമായി ലഭിക്കുക. ഈ നാല് സീറ്റിലേക്ക് പ്രമുഖ നേതാക്കളുടേതടക്കം ഒരു ഡസൻ പേരുകളാണ് പ്രചരിപ്പിക്കുന്നത്. ചില നേതാക്കൾ സ്വയം പി.ആർ.ഒമാരായി മാറിയെങ്കിൽ മറ്റുചിലർ മാദ്ധ്യമങ്ങളിലെ സുഹൃത്തുക്കൾ വഴിയും പ്രചാരണം തുടങ്ങി.
അരനൂറ്റാണ്ടായി പുതുപ്പള്ളിയിൽ നിന്നു വിജയിച്ചുവരുന്നതിന്റെ ജൂബിലി ആഘോഷിക്കുന്ന ഉമ്മൻചാണ്ടി ഇനിയും മത്സരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കോട്ടയം മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പല വികസന പദ്ധതികളും രാഷ്ടീയത്തിന്റെ പേരിൽ ഇടതു പക്ഷം അട്ടിമറിച്ചുവെന്നാരോപിക്കുന്നത് അടുത്ത തവണയും മത്സരിക്കാനുള്ള താത്പര്യത്തിലാണ്. ഇരിക്കൂറിൽ മത്സരിച്ചുവരുന്ന മുൻ മന്ത്രി കെ.സി.ജോസഫ് ഇക്കുറി കോട്ടയം ജില്ലയിലെ ഒരു സുരക്ഷിത മണ്ഡലം തേടുകയാണ്. നേരത്തേ മൂവാറ്റുപുഴയിൽ മത്സരിച്ച കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കനും കോട്ടയം ജില്ല നോക്കുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷിന് ജന്മനാടായ ഏറ്റുമാനൂരിനോടാണ് താത്പര്യം. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടോമികല്ലാനി , സെക്രട്ടറിമാരായ നാട്ടകം സുരേഷ്, അഡ്വ.പി.എ.സലീം എന്നിവരും സജീവമായി രംഗത്തുണ്ട്. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ തുടങ്ങി ലിസ്റ്റ് നീളുകയാണ്.
ഏ ഗ്രൂപ്പിന്റെ കുത്തക ജില്ലയെന്നറിയപ്പെടുന്ന കോട്ടയത്ത് ഉമ്മൻചാണ്ടിക്ക് താത്പര്യമുള്ളവരേ അവസാനം സ്ഥാനാർത്ഥിയാകൂ . ഐ ഗ്രൂപ്പിൽ പെടുന്നവരെ കോട്ടയത്തേക്ക് അടുപ്പിക്കാനുള്ള സാദ്ധ്യത കുറവാണ്. ജാതിയും ഉപജാതിയും വരെ സ്ഥാനാർത്ഥിത്വത്തിൽ പരിഗണിക്കേണ്ടതിനാൽ അവസാനം ആർക്ക് നറുക്ക് വീഴുമെന്നത് എതിർ സ്ഥാനാർത്ഥി ആരെന്നു വരെ പരിഗണിച്ചാകും. ജോസ് വിഭാഗത്തിന്റെ അസാന്നിദ്ധ്യത്തിൽ കോട്ടയത്ത് ഒഴിവ് വരുന്ന നിയമസഭാ സീറ്റിലേക്ക് മറ്റു ജില്ലകളിൽ നിന്ന് അവസാനം ഇറക്കുമതി സ്ഥാനാർത്ഥികൾ വരെ രംഗത്തുവരാനും സാദ്ധ്യത ഏറെയാണ്.