മുംബയ്: സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെയും സഹോദരൻ ഷോവിക്ക് ചക്രവർത്തിയുടേയും ജാമ്യാപേക്ഷ മുംബയിലെ പ്രത്യേക കോടതി തള്ളി. കേസിൽ അറസ്റ്റിലായ മറ്റു എട്ട് പേർക്കും കോടതി ജാമ്യം നിഷേധിച്ചു.
22 വരെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള റിയ നിലവിൽ ബൈക്കുള ജില്ലാ ജയിലിലാണുള്ളത്. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിയയുടെ അഭിഭാഷകൻ അറിയിച്ചു.
മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന കുറ്റംചുമത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് റിയയേയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത്.
'ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. നിർബന്ധിപ്പിച്ച് കുറ്റം സമ്മതം നടത്തിപ്പിച്ചതാണ്. എനിക്ക് നേരെ കൊലപാതക ഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടായി. ചോദ്യം ചെയ്യൽ സംഘത്തിൽ വനിതാ ഉദ്യോഗസ്ഥ ഉണ്ടായിരുന്നില്ല. പല രീതിയിലുള്ള അന്വേഷണങ്ങളും നടത്തി മാനസികമായി പീഡിപ്പിച്ചു.' - ജാമ്യാപേക്ഷയിൽ റിയ അറിയിച്ചു.
റിയ സുശാന്തിന് മനഃപൂർവം മയക്കുമരുന്ന് നൽകി, സ്വന്തം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തി, സ്വയം ഉപയോഗിച്ചതിന് പുറമെ, മയക്കുമരുന്ന് മറ്റ് പലർക്കും എത്തിച്ച് കൊടുത്തു, പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും സമൂഹത്തിലെ അവരുടെ സ്ഥാനവും പണവും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കുമെന്നും എൻ.സി.ബി കോടതിയിൽ വ്യക്തമാക്കി.
ജൂൺ 14 നാണ് സുശാന്ത് സിംഗിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി കാമുകി റിയ ചക്രവർത്തിയാണെന്നു കാട്ടി സുശാന്തിന്റെ അച്ഛൻ കെ.കെ.സിംഗ് പാട്ന പൊലീസിന് നൽകിയ പരാതിയിൽ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. ഇതിനുപിന്നാലെയാണ് ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച് എൻ.സി.ബി. അന്വേഷണം ആരംഭിച്ചത്.