കോന്നി: ഗവ.മെഡിക്കൽ കോളേജ് ഒ.പി.വിഭാഗം ഉദ്ഘാടനം ചെയ്യുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾ കെ.യു. ജനീഷ് കുമാർ എം.എൽ.എയും ജില്ലാ കളക്ടർ പി.ബി. നൂഹും ചേർന്ന് വിലയിരുത്തി.ഉദ്ഘാടനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ചർച്ച ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ നടുത്തളത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്റിയും, മന്ത്റിമാരും ഓൺലൈനായാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. എല്ലാവർക്കും പരസ്പരം കാണാൻ കഴിയുന്ന നിലയിലുള്ള വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്.
ഒ.പി. പ്രവർത്തിക്കുന്നതിനാവശ്യമായ മുറികളും, വെയിറ്റിംഗ് ഏരിയായും, നഴ്സിംഗ് സ്റ്റേഷൻ ഉൾപ്പടെ ജീവനക്കാർക്കാവശ്യമായ സൗകര്യങ്ങളും ക്രമീകരിച്ചു കഴിഞ്ഞു. നെയിംബോർഡുകളെല്ലാം നാളെത്തന്നെ സ്ഥാപിക്കും. അവസാനവട്ട ക്ലീനിംഗ് ജോലികളും, ആശുപത്രി കെട്ടിട പരിസരത്തിന്റെ ലവലിംഗും ദ്റുതഗതിയിൽ നടക്കുകയാണ്. ഉദ്ഘാടന ചടങ്ങിൽ കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. അൻപതിൽ താഴെ ആളുകൾക്കു മാത്രമേ ചടങ്ങിലേക്ക് പ്രവേശനമുള്ളു.പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും കൊവിഡ് പരിശോധനയുടെ ഭാഗമായി ആന്റിജൻ ടെസ്റ്റ് നടത്തും. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി.തുടർന്നുള്ള ദിവസങ്ങളിലും മെഡിക്കൽ കോളേജിൽ കേന്ദ്രീകരിച്ചു നിന്ന് ഉദ്ഘാടന ക്രമീകരണങ്ങൾക്കു നേതൃത്വം നല്കുമെന്ന് ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.