മുംബയ്: ബോളിവുഡ് താരം കങ്കണ റണൗട്ടും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള പോര് നിലനിൽക്കെ നടിയുമായി വ്യക്തിപരമായ ഒരു ശത്രുതയുമില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്. ' കങ്കണയുമായി എനിക്ക് ഒരു പ്രശ്നവുമില്ല. മുംബയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചതിൽ മാത്രമാണ് ഞാൻ ദേഷ്യം പ്രകടിപ്പിച്ചത്. അനധികൃത നിർമാണങ്ങൾ തടയുന്നതിന്റെ ഭാഗമായി മുംബയ് കോർപ്പറേഷൻ കങ്കണയുടെ കെട്ടിടം പൊളിച്ചതിൽ സർക്കാരിനോ പാർട്ടിക്കോ ഉത്തരവാദിത്വമില്ല. എന്നെ സംബന്ധിച്ചോളം കങ്കണ വിഷയം ഇവിടെ അവസാനിച്ചു. അവർക്ക് സ്വസ്ഥമായി മുംബയിൽ ജീവിക്കാം.'- ശിവസേന എം.പി സഞ്ജയ് റൗത്ത് പറഞ്ഞു. കെട്ടിടം പൊളിച്ചതിന് ശേഷം കങ്കണ ശിവസേനക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. സഞ്ജയ് റൗത്തിനെയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വ്യക്തിപരമായും വിമർശിച്ചിരുന്നു. നിലവിൽ കങ്കണയുടെ ഓഫീസിനും താമസസ്ഥലത്തിനും മുംബയ് പൊലീസ് സുരക്ഷ നൽകിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ കൊവിഡ് മഹാമാരിക്കെതിരെയല്ല, കങ്കണക്കെതിരെയാണ് പോരാടുന്നത്. മുഖ്യമന്ത്രിയുടെ വസതി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ വീട് പൊളിക്കാതെ കങ്കണയുടെ വീടാണ് തകർത്തത്.
- ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്
സോണിയാ ഗാന്ധിക്കെതിരെ കങ്കണ
പ്രിയപ്പെട്ട സോണിയാജി, എന്റെ നേർക്കുള്ള നിങ്ങളുടെ മഹാരാഷ്ട്ര സർക്കാരിന്റെ പെരുമാറ്റത്തിൽ സ്ത്രീയെന്ന നിലയിൽ നിങ്ങൾക്ക് ഒട്ടും മനോവിഷമം തോന്നുന്നില്ലേ?. നിങ്ങളുടെ സ്വന്തം സർക്കാർ തന്നെ സ്ത്രീകൾക്കെതിരെ പ്രവർത്തിക്കുകയും നീതിന്യായവ്യവസ്ഥയെ പരിഹസിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ പാലിക്കുന്ന മൗനത്തേയും അനാസ്ഥയേയും ചരിത്രം തീർച്ചയായും വിലയിരുത്തും. നിങ്ങൾ വിഷയത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷ. -കങ്കണയുടെ ട്വീറ്റ്
അവശിഷ്ടങ്ങൾക്കിടയിലിരുന്ന് ജോലി ചെയ്യും
ബി.എം.സി ഭാഗികമായി പൊളിച്ച തന്റെ ഓഫീസ് കെട്ടിടം നവീകരിക്കുന്നില്ലെന്നും തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇരുന്ന് തന്നെ ജോലി ചെയ്യുമെന്നും കങ്കണ റണൗട്ട്. 'ജനുവരി 15 നാണ് എന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. കൊവിഡ് വന്നതോടെ ജോലി ചെയ്തിരുന്നില്ല. കെട്ടിടം പുതുക്കി പണിയാൻ പണമില്ല. ഈ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഞാൻ ജോലി ചെയ്യും. ഈ ലോകത്ത് പറന്നുയരാൻ ധൈര്യം കാട്ടിയ ഒരു സ്ത്രീയുടെ ഇച്ഛയുടെ സ്മാരകമായി ഈ ഓഫീസ് നിലനിൽക്കും.'-കങ്കണ v/s ഉദ്ധവ് എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്.