ചാരുംമൂട്: ജോലിയിൽ സ്ഥാനക്കയറ്റം കിട്ടാൻ മകനൊപ്പം ഒരേ ക്ളാസ് മുറിയിലിരുന്നു പഠിക്കേണ്ടി വന്നപ്പോൾ രാജുവിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല, പകരം അഭിമാനമായിരുന്നു. പഠനത്തിനൊടുവിൽ ഇരുവരും മികച്ച വിജയം നടിയപ്പോൾ അത് കോളേജിനും അഭിമാന നേട്ടമായി.
നൂറനാട് മുതുകാട്ടുകര ലക്ഷ്മി ഭവനത്തിൽ വി.കെ.രാജുവും [54] മകൻ അരവിന്ദനുമാണ് കഴിഞ്ഞ ഒരു വർഷം ആറന്മുള സഹകരണ കോളേജിലെ ജെ.ഡി.സി വിദ്യാർത്ഥികളായത്.രാജു നിലവിൽ നൂറനാട് എരുമക്കുഴി ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ജീവനക്കാരനാണ് ഇവിടെത്തന്നെ ലാബ് അസിസ്റ്റൻ്റായി ജോലിക്കയറ്റം കിട്ടാനാണ് മകനൊപ്പം വിദ്യാർത്ഥിയായത്. അച്ഛനും മകനും ഉന്നത വിജയം നേടുകയും ചെയ്തു. അരവിന്ദൻ ബിടെക് കഴിഞ്ഞ ശേഷമാണ് ജെ.ഡി.സിക്ക് ചേർന്നത്.
ഇരുവരും ഒന്നിച്ചാണ് വീട്ടിൽ നിന്ന് കോളേജിലേക്കു പോയിരുന്നത്. കോളേജിലെ പാഠ്യേതര പ്രവർത്തനങ്ങളിലും രണ്ടാളും ശ്രദ്ധിക്കപ്പെട്ടു. ആറന്മുള സഹകരണ കോളേജ് പ്രിൻസിപ്പൽ ഇന്ദിരയും മറ്റു അദ്ധ്യാപകരും നല്ല സഹകരണമാണു നൽകിയതെന്നു ഇരുവരും പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മുതുകാട്ടുകര ശാഖായോഗം, എസ്.എൻ വിവേക് വിദ്യാമന്ദിർ എന്നിവയിൽ പതിനഞ്ചു വർഷം സെക്രട്ടറിയായിരുന്നു രാജു. കേരളകൗമുദി ഉൾപ്പെടെയുള്ള പത്രങ്ങളുടെ നൂറനാട് ഏജൻറ്റുമായിരുന്നു. കോളേജ് പഠനത്തിന് വേണ്ടി ഇതെല്ലാം ഉപേക്ഷിച്ചു. നിലവിൽ യോഗം പന്തളം യൂണിയൻ കൗൺസിലർ, സത്യപഥം ചാരിറ്റബൾ സൊസൈറ്റി പ്രസിഡൻറ്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ശൂരനാട് വടക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ മിനിയാണു ഭാര്യ. ഇളയ മകൻ അശ്വന്ത് ബി.സി.എ ബിരുദധാരിയാണ്.