കൊല്ലം: കൊവിഡാനന്തര യാത്രയിൽ നഷ്ടത്തിന്റെ പേരിൽ ജനശതാബ്ദി, വേണാട് ട്രെയിനുകളും ജില്ലയിലെ ചെറുതും വലുതുമായ സ്റ്റേഷനുകളിൽ ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ളവയുടെ സ്റ്റോപ്പുകൾ നിറുത്തലാക്കാനുമുള്ള റെയിൽവേയുടെ തീരുമാനത്തിനെതിരെ ജനപ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തി. ജനങ്ങളുടെ യാത്ര ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന റെയിൽവേയുടെ നടപടിക്കെതിരെ ജില്ലയിലെ എം.പിമാരും എം.എൽ.എമാരും പ്രതികരിക്കുന്നു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
നഷ്ടത്തിന്റെ പേരിൽ കേരളത്തിലെ ജനശതാബ്ദി, വേണാട് ട്രെയിനുകൾ റദ്ദാക്കാനും സ്റ്റോപ്പുകൾ നിറുത്താനുമുള്ള റെയിൽവേയുടെ തീരുമാനം നീതികരിക്കാനാവില്ല. റെയിൽവേ മന്ത്രിക്കും ബോർഡിനും ഇ - മെയിൽ നിവേദനം നൽകി. 14ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കും.
കെ.സോമപ്രസാദ് എം.പി
തീരുമാനം അംഗീകരിക്കാനാവില്ല. യാത്രക്കാരുടെ എണ്ണം കുറവായതും സാമൂഹിക അകലം പാലിക്കുന്നതുമാണ് വരുമാനനഷ്ടത്തിന് കാരണം. ജനങ്ങളുടെ യാത്രചെയ്യാനുള്ള അവകാശം നിഷേധിക്കുന്നത് ശരിയല്ല. പാർലമെന്റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കും.
എ.എം. ആരിഫ് എം.പി
കായംകുളം ജംഗ്ഷൻ സ്റ്റേഷനിലും തീരദേശ പാതയായ ആലപ്പുഴ റൂട്ടിലും നിരവധി ട്രെയിനുകളുടെ സ്റ്രോപ്പുകളാണ് റദ്ദാക്കിയത്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ വികസനത്തെയും ബാധിക്കും. കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി. പാർലമെന്റ് സമ്മേളനത്തിൽ ശക്തമായി ഉന്നയിക്കും.
കൊടിക്കുന്നിൽ സുരേഷ് എം.പി
ട്രെയിനുകളും സ്റ്റോപ്പുകളും ആരുടെയും ഔദാര്യമല്ല. ജനങ്ങളുടെ അവകാശമാണ്. റെയിൽവേയെ സ്വകാര്യവത്കരിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണിത്. പാർലമെന്റിൽ ശബ്ദമുയർത്തും. കേരളത്തിലെ എം.പി മാർ ഒറ്റക്കെട്ടായി റെയിൽവേ മന്ത്രിയെ കണ്ട് തീരുമാനം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും.
മന്ത്രി കെ.രാജു
കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവുമധികം പ്രയോജനപ്രദമായ ട്രെയിൻ സർവീസുകളാണ് ജനശതാബ്ദിയും വേണാടും. സ്റ്റോപ്പുകളും ട്രെയിനുകളും നിറുത്തലാക്കാനുള്ള നടപടി പൊതുഗതാഗതത്തെ തകർക്കും. റെയിൽവേയും കേന്ദ്രവും പിൻമാറണം.
മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. റെയിൽവേയെ സ്വകാര്യവത്കരിക്കാനാണ് നീക്കം. ജില്ലയിലെ ഭൂരിഭാഗം സ്റ്റോപ്പുകളും റദ്ദാക്കിയതോടെ യാത്രക്കാർ കൊല്ലം സ്റ്റേഷനെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ
കൊവിഡ് ദുരിതത്തിലായ ജനത്തെ കൂടുതൽ ദുരിതത്തിലാക്കുന്ന തീരുമാനമാണ് റെയിൽവേയുടേത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടിക്കറ്രെടുത്ത് യാത്രചെയ്യുന്നവരാണ് മലയാളികളെന്നിരിക്കെ നഷ്ടത്തിന്റെ പേരിൽ കേരളത്തിലെ ട്രെയിനുകളും സ്റ്റോപ്പുകളും റദ്ദാക്കുന്ന നടപടി അംഗീകരിക്കാനാവില്ല.
എം.മുകേഷ് എം.എൽ.എ
തീരുമാനം അംഗീകരിക്കാൻ കഴിയില്ല. യാത്രക്കാരുടെ ക്ഷേമം മുൻനിറുത്തിയുള്ള പ്രവർത്തനങ്ങളാണ് റെയിൽവേയുടെ ഭാഗത്തുനിന്ന് വേണ്ടത്. ട്രെയിനുകളും സ്റ്റോപ്പുകളും റദ്ദാക്കാനുള്ള നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തും.
എം.നൗഷാദ് എം.എൽ.എ
സൗകര്യങ്ങൾ ഒരുക്കുന്നതിന് പകരം ഉള്ളസൗകര്യങ്ങൾ ഇല്ലാതാക്കുന്നത് കേട്ടുകേഴ്വിയില്ലാത്ത നടപടിയാണ്. ലാഭം നോക്കി പ്രവർത്തിക്കാൻ റെയിൽവേ ബിസിനസ് സ്ഥാപനമല്ല. റെയിൽവേയുടെ നടപടി അംഗീകരിക്കാൻ കഴിയില്ല. തിരുത്തണം.
പി.ഐഷാ പോറ്റി എം.എൽ.എ
പുനലൂരിൽ നിന്ന് കന്യാകുമാരിയിലേക്ക് ഉണ്ടായിരുന്ന ട്രെയിൻ തിരുവനന്തപുരം വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് റെയിൽവേയുടെ സംസ്ഥാന ചുമതലയുള്ള മന്ത്രി ജി.സുധാകരന് കത്ത് നൽകി. ട്രെയിനുകളുടെ ബോഗി കുറയ്ക്കുന്നതിന് പകരം സ്റ്റോപ്പ് വെട്ടിക്കുറയ്ക്കുന്നതിനോട് യോജിക്കാനാവില്ല.
ആർ. രാമചന്ദ്രൻ എം.എൽ.എ
വരുമാനമനുസരിച്ച് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ ഗ്രേഡ് ഉയർത്തേണ്ട കാലം കഴിഞ്ഞിരിക്കുകയാണ്. ഇതിനിടെ ട്രെയിനുകളുടെ സ്റ്റോപ്പ് കൂടി ഇല്ലാതാക്കിയത് അംഗീകരിക്കാനാവില്ല. ജനദ്രോഹ നയത്തിനെതിരെ ആവശ്യമെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കും.
ജി.എസ്. ജയലാൽ എം.എൽ.എ
ജനവിരുദ്ധ നടപടിയിലൂടെ റെയിൽവേയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുമുള്ള നീക്കമാണിത്. തീരുമാനം പരവൂർ സ്റ്റേഷൻ വികസനം തകർക്കാനും യാത്രക്കാരെ ദുരിതത്തിലാക്കാനും ഇടയാക്കും. ഇതിൽ നിന്ന് റെയിൽവേ പിൻമാറണം.
മുല്ലക്കര രത്നാകരൻ എം.എ.എ
ട്രെയിനുകളും സ്റ്റോപ്പുകളും റദ്ദാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങൾക്ക് സുരക്ഷിത യാത്ര ചെയ്യാനുള്ള അവസരം സൃഷ്ടിക്കുന്നതിന് പകരം റെയിൽവേയെ നഷ്ടത്തിലാക്കി പൂട്ടിക്കെട്ടാനും പൊതുഗതാഗതം സ്വകാര്യവത്കരിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണിത്.
കെ.ബി. ഗണേഷ് കുമാർ എം.എൽ.എ
കൊവിഡ് കാലത്ത് ജനങ്ങളെ വെല്ലുവിളിക്കുന്ന നടപടിയാണ് ട്രെയിനുകളും സ്റ്റോപ്പുകളും റദ്ദാക്കാനുള്ള റെയിൽവേയുടെ തീരുമാനം. നയത്തിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. എം.പിമാരും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയും ശക്തമായി ഇടപെടണം.