ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. നടി ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി വൈദ്യ പരിശോധന നടത്താനായി ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് സഞ്ജന തട്ടിക്കയറിയത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും, ആരെയെങ്കിലും ഫോൺ ചെയ്തതുകൊണ്ട് കുറ്റവാളിയായി മുദ്രകുത്തരുതെന്നുമാണ് സഞ്ജന വീഡിയോയിൽ പറയുന്നത്.
കോടതിയുടെ നിർദ്ദേശ പ്രകാരമാണിതെന്ന് അഭിഭാഷകൻ നേരിട്ട് വന്ന് അറിയിച്ചതിന് ശേഷമാണ് നടി ഉദ്യോഗസ്ഥരോട് സഹകരിച്ചത്.
അതേസമയം, സഞ്ജന ലഹരിമരുന്ന് ഇടപാടിൽ ഉൾപ്പെട്ട 30 പ്രമുഖരുടെ പേരുകൾ അന്വേഷണസംഘത്തിന് വെളിപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. ചലച്ചിത്രരംഗത്തെ പ്രമുഖരും രാഷ്ട്രീയനേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും മക്കളും ഇതിലുൾപ്പെടും. മയക്കുമരുന്ന് ഉപയോഗിച്ചെന്നും അരൂർ സ്വദേശി നിയാസ് മുഹമ്മദ് സുഹൃത്താണെന്നും സഞ്ജന സമ്മതിച്ചതായാണ് വിവരം. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും രഹസ്യമായി ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. ലഹരിമരുന്നുപയോഗത്തിൽ രണ്ടുനടിമാരും വെളിപ്പെടുത്തിയ പ്രമുഖരുടെ പേരുകൾ ഒന്നുതന്നെയാണെന്നും അന്വേഷണസംഘം പറഞ്ഞു.
അറസ്റ്റ് തുടരുന്നു
ഇന്നലെ ലഹരികടത്ത് സംഘത്തിലെ കണ്ണിയായ പ്രതീക് ഷെട്ടി, നഗരത്തിൽ ഉന്നതരെ പങ്കെടുപ്പിച്ച് ഡ്രഗ് പാർട്ടികൾ നടത്തിയ വിരേൻ ഖന്നയുടെ കൂട്ടാളി ആദിത്യ അഗർവാൾ എന്നിവരെ സി.സി.ബി അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ ആദിത്യ അഗർവാളിന്റെ വീട്ടിൽ റെയ്ഡ് നടത്തി.
അതേസമയം അന്വേഷണത്തിന്റെ വിവരങ്ങൾ ചോർന്നതായി കണ്ടെത്തി. അറസ്റ്റിലായവർ രണ്ടുമാസം മുമ്പ് അയച്ച മൊബൈൽ സന്ദേശങ്ങളിൽ സി.സി.ബിയുടെ പരിശോധനയെകുറിച്ച് വിവരങ്ങൾ ചോർന്നുകിട്ടിയെന്ന് പറയുന്നുണ്ട്. സി.സി.ബി കോടതിയിലും ഇക്കാര്യം അറിയിച്ചു. ചില ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. കേസിൽ ബിസിനസുകാരനായ പ്രശാന്ത് സംബർഗിയെ ചോദ്യം ചെയ്തേക്കും.