പഴയങ്ങാടി: ആക്സിസ് ബാങ്കിന്റെ എരിപുരത്തുള്ള പഴയങ്ങാടി ശാഖയിലെ ഡെപ്പോസിറ്റ് മെഷിനിൽ കള്ളനോട്ട് നിക്ഷേപിച്ചത് ചെറുകുന്ന് മുട്ടിലെ വി.വി. അബ്ദുൾ സലാം ആണെങ്കിലും ഇതിന്റെ മുഖ്യകണ്ണി വളപട്ടണം സ്വദേശി കെ.കെ കമറുദ്ദീൻ എന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
കൂടുതൽ അന്വേഷണത്തിനായി ഇദ്ദേഹത്തെ പഴയങ്ങാടി പൊലീസ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.കമറുദീന്റെ നിർദേശ പ്രകാരമാണ് അബ്ദുൾ സലാം ജൂലായ് 25-ന് 500 രൂപയുടെ 43 നോട്ടുകളായി 21,500 രൂപ കർണാടക കുശാൽ നഗറിലെ മിസ്രിയ എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. മിസ്രിയയെ അന്വേഷിച്ചുപോയ പൊലീസ് സംഘത്തിന് വലിയ ആർഭാടജീവിതമാണ് അവർ നയിക്കുന്നതെന്ന് ബോധ്യപ്പെട്ടിരുന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിൽ പഴയങ്ങാടി സി.ഐ. എം. രാജേഷിനാണ് അന്വേഷണച്ചുമതല. ഡിവൈ.എസ്.പി.യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളും പഴയങ്ങാടി പൊലീസും ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെ പിടികൂടാൻ സാധിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള കമറുദ്ദീന് അക്കൗണ്ട് ഉടമ മിസ്രിയയുമായി നല്ല അടുപ്പമുണ്ടെന്ന വിശ്വാസത്തിലാണ് പൊലീസ്.