ബംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ ക്ഷേത്രത്തിൽ കവർച്ചയ്ക്കിടെ, ഉറങ്ങികിടക്കുകയായിരുന്ന മൂന്നു പൂജാരിമാരെ പാറക്കല്ലുകൊണ്ട് തലയ്ക്കടിച്ച് അതിക്രൂരമായി കൊലപ്പെടുത്തി.
മാണ്ഡ്യ ഗുട്ടാലുവിലെ ശ്രീ അരകേശ്വര ക്ഷേത്രത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ഇന്നലെ പുലർച്ചെ ഗ്രാമവാസികൾ ക്ഷേത്രകവാടം തുറന്നപ്പോഴാണ് വിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ പൂജാരിമാരും ബന്ധുക്കളുമായ ഗണേഷ് (55), പ്രകാശ് (60), ആനന്ദ് (42) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
മൂന്നുപേരുടെയും മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ഉറങ്ങികിടക്കുന്നതിനിടെ പാറക്കല്ലുകൊണ്ടോ മാരകമായ ആയുധം കൊണ്ടോ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി.
കർണാടക മുസ്റായി വകുപ്പിന് (ദേവസ്വം) കീഴിലുള്ള ബി ക്ലാസ് വിഭാഗത്തിലെ ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ പ്രധാന പൂജാരിയുടെ മകനാണ് ആനന്ദ്.
ക്ഷേത്രസുരക്ഷയ്ക്കായി മൂന്നുപേരും ക്ഷേത്രത്തിൽ തന്നെയാണ് രാത്രി കിടന്നിരുന്നത്.
മൂന്നു വലിയ ഭണ്ഡാരപ്പെട്ടി ക്ഷേത്രത്തിന് പുറത്തെത്തിച്ച് പണം മോഷ്ടിച്ചിട്ടുണ്ട്. നാണയങ്ങൾ ഒഴിവാക്കി നോട്ടുകൾ മാത്രമാണ് എടുത്തിട്ടുള്ളത്. ശ്രീകോവിലിന്റെ വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തു കയറിയതായി വ്യക്തമായിട്ടുണ്ട്. വിഗ്രഹമോ സ്വർണാഭരണങ്ങളോ മോഷ്ടിക്കുന്നതിനാണിതെന്നാണ് നിഗമനം.
അഞ്ചംഗ സംഘമാണിതിന് പിന്നിലെന്നും സംഘർഷമുണ്ടായതിന്റെ തെളിവുകളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു.
സ്ഥലത്ത് പൊലീസും ഫോറൻസിക് അധികൃതരും പരിശോധന നടത്തിവരുന്നു. മാണ്ഡ്യ എം.പി സുമലതയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മാണ്ഡ്യ ഈസ്റ്റ് പൊലീസിലെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.