കഞ്ചാവ് തഴച്ചുവളരുന്ന ആന്ധ്രയിലെ പാടങ്ങൾക്ക് കാവൽ, തോക്കേന്തിയ മാവോയിസ്റ്റുകളാണ്. വിശാഖപട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളായ നരസിപ്പട്ടണം, ചിന്തപ്പള്ളി, പാടേരു മേഖലകളിൽ ഏക്കർ കണക്കിന് കഞ്ചാവുതോട്ടങ്ങൾ. അമ്പതിനായിരം ഏക്കറിലേറെ വലിപ്പമുള്ള കഞ്ചാവു തോട്ടങ്ങളുണ്ടിവിടെ. എക്സൈസിനും പൊലീസിനുമൊന്നും അടുക്കാനാവില്ല. വല്ലപ്പോഴും പേരിനു കുറേ കഞ്ചാവുചെടികൾ വെട്ടിനശിപ്പിക്കും. രേഖകളിൽ റെയ്ഡ് നടത്തിയെന്ന് വരുത്താനാണ്. അതും ഇരുനൂറ് സി.ആർ.പി.എഫ് ഭടന്മാരുടെ സുരക്ഷയിൽ. കുറേ ആദിവാസികൾ പിടിയിലാവുകയും ചെയ്യും. മാവോയിസ്റ്റുകളുടെ വലിയ വരുമാന മാർഗം കൂടിയാണ് ഈ ലഹരികൃഷി.
മാവോയിസ്റ്റ് മേഖലകളിലെ എക്സൈസ് ഓഫീസുകളിൽ ജോലി ചെയ്യാൻ ഉദ്യോഗസ്ഥർക്ക് ഭയമാണ്. പ്രദേശവാസികളെ താത്കാലിക ജീവനക്കാരാക്കിയാണ് അവിടുത്തെ എക്സൈസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. വാറ്റുകാരെ പിടിക്കുകയാണ് പ്രധാന പണി. പാടേരു എന്ന സ്ഥലത്താണ് മാവോയിസ്റ്റുകളുടെ തോട്ടങ്ങളേറെയുള്ളത്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെ വാഹനങ്ങളെത്തും. ലോഡ് കയറ്റി സുരക്ഷിതമായി വിശാഖപട്ടണത്ത് എത്തിക്കും. അല്ലെങ്കിൽ മൊത്തക്കച്ചവടക്കാരനായ പഞ്ചാബുകാരൻ രാജുഭായിക്ക് ലോഡ് കൈമാറും. ഇയാൾ മൈസൂരിലെ കേന്ദ്രത്തിലെത്തിച്ച ശേഷം വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റിവിടും.
എൽ.എസ്.ഡി ലഹരി
സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ അടിമകളാക്കുന്ന ലഹരിയാണ് എൽ.എസ്.ഡി. ലൈസർജിക് ആസിഡ് ഡൈ ഈഥൈൻ അമൈഡ് എന്ന മയക്കുമരുന്നിന്റെ ചുരുക്കപ്പേരാണ് എൽ.എസ്.ഡി. നാവിൽ ഒട്ടിക്കുന്ന സ്റ്റിക്കറായും ക്രിസ്റ്റൽ രൂപത്തിലുമെല്ലാം ഈ രാസലഹരി ലഭിക്കുന്നുണ്ട്. എട്ടുമുതൽ 12മണിക്കൂർ വരെ ലഹരി കിട്ടുമെന്നതാണ് എൽ.എസ്.ഡിക്ക് ഡിമാന്റ് കൂട്ടിയത്. 100 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി മൂന്ന് യുവാക്കളെ അടുത്തിടെ തിരുവനന്തപുരം ജനറൽ ആശുപത്രിക്കടുത്ത് നിന്ന് പിടികൂടിയിരുന്നു. ഇതിന് മൂന്നുലക്ഷം വിലവരും. ഇതിന്റെ നാലിരട്ടി ഈടാക്കിയാണ് വില്പന. എൽ.എസ്.ഡി ഇപ്പോൾ കേരളത്തിൽ സുലഭമാണ്.
ഒരു അമ്മയുടെ വിലാപം
യാതൊരു പരിചയവുമില്ലാത്ത ഒരു സ്ത്രീയുടെ കോൾ എത്തിയത് മദ്ധ്യകേരളത്തിലെ ഒരു എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കാണ്. എന്താ കാര്യമെന്ന് ചോദിച്ചതോടെ ഒരു ലഹരിക്കടത്തിന്റെ രഹസ്യ വിവരങ്ങളാണ് അവർ കൈമാറിയത്. സർ, ഇവിടെ നിന്ന് ഒരു സംഘം യുവാക്കൾ കഞ്ചാവ് വാങ്ങാനായി കോയമ്പത്തൂർക്ക് പുറപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം അവർ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിൽ മടങ്ങി വരുമെന്നാണ് വിവരം. ഡെപ്യൂട്ടി കമ്മിഷണർ സ്വാഭാവികമായി മറു ചോദ്യം ഉന്നയിച്ചു. നിങ്ങൾക്ക് എങ്ങനെ വ്യക്തമായി കാര്യങ്ങൾ അറിയാം. സർ, എന്റെ മകന്റെ കൂട്ടുകാരാണ് അവർ. മകനും ആ സംഘത്തിനൊപ്പം ഉണ്ടോ എന്ന ഡെപ്യൂട്ടി കമ്മിഷണറുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
പിന്നീട് ആ വീട്ടമ്മ പൊട്ടികരയുകയായിരുന്നു. സർ, ഭർത്താവ് ഗൾഫിലാണ്. ജോലിയുണ്ടെങ്കിലും സാമ്പത്തികമായി കുറെ പ്രശ്നങ്ങളുണ്ട്. ഇളയ മകളെ മറ്റൊരു സ്ഥലത്ത് പഠിക്കാനായി നിറുത്തിയിരിക്കുകയാണ്. എനിക്കൊപ്പം മകൻ മാത്രമാണ് ഉള്ളത്. ഒാരോ രാത്രികളും തള്ളി നീക്കുന്നത് എങ്ങനെയെന്ന് എനിക്കേ അറിയൂ. അത്രയ്ക്ക് ഭയചകിതമാണ് ജീവിതം. കൂട്ടുകിടക്കുന്ന അവന് ഒപ്പം രാത്രിയിൽ കഴിയുക ഭയമാണെന്ന് ആ അമ്മ തുറന്നു പറഞ്ഞു.കരച്ചിൽ അവസാനിപ്പിക്കാനാവാത്ത അവരെ സമാശ്വസിപ്പിച്ച് ഡെപ്യൂട്ടി കമ്മിഷണറുടെ സംഘം റെയ്ഡിന് പുറപ്പെട്ടു. ആ അഞ്ചംഗ സംഘത്തെ ബസ് സ്റ്റേഷനിൽ നിന്ന് പിടികൂടി. ഫോൺ ചെയ്ത സ്ത്രീയുടെ മകനെ കൗൺസിലിംഗ് സെന്ററിലാക്കിയാണ് എക്സൈസിന്റെ ദൗത്യം പൂർത്തിയായത്.
മൂർഖൻ ഷാജി
മദ്ധ്യകേരളത്തിൽ കഞ്ചാവിന്റെ കിംഗാണ് ഇടുക്കി സ്വദേശിയായ മൂർഖൻ ഷാജി. ഒരിക്കൽ ഒരു എക്സൈസ് ഇൻസ്പെക്ടർ ഷാജിക്കെതിരെ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തു. ഷാജിയുടെ പകപോക്കൽ ഭീകരമായിരുന്നു. ഉദ്യോഗസ്ഥന്റെ വീട്ടിൽ മദ്യവും പണവും വച്ച് വിജിലൻസിനെ കൊണ്ട് കേസെടുപ്പിച്ചു. ഉദ്യോഗസ്ഥനെ ആദ്യം സസ്പെൻഡ് ചെയ്തു. പിന്നീട് സർവീസിൽ നിന്ന് പുറത്താക്കി. ഇതിനെതിരെ ഇൻസ്പെക്ടർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. മൂർഖൻ ഷാജിക്കെതിരെ കേസെടുക്കാൻ പൊലീസും എക്സൈസും ഭയപ്പെട്ട സമയം. അതിനിടയിലാണ് ഹാഷിഷ് ഓയിൽ കേസിൽ ഷാജിക്കെതിരെ തിരുവനന്തപുരത്ത് കേസെടുത്തത്. ഇൻസ്പെക്ടറും ഭാര്യയും മക്കളും അന്നത്തെ എക്സൈസ് കമ്മിഷണർ ഋഷിരാജ്സിംഗിനെ നേരിട്ട് കണ്ട് ഷാജിയുടെ പീഡന വിവരങ്ങൾ അറിയിച്ചു. അന്വേഷണത്തിൽ കാര്യങ്ങൾ സത്യമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ഹൈക്കോടതിയിലെ കേസിൽ ഋഷിരാജ് സിംഗ് നിയമപരമായ സഹായങ്ങൾ ചെയ്തു. കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതോടെ ഇൻസ്പെക്ടറെ സർവ്വീസിൽ തിരിച്ചെടുത്തു. ഇപ്പോൾ കൊച്ചിയിൽ സി.ഐയാണ്. മൂർഖൻ ഷാജി ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയെങ്കിലും എക്സൈസ് വകുപ്പിന്റെ അപ്പീലിൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കി. ഷാജി ഇപ്പോഴും ഒളിവിലാണ്.
ക്ളാസിലെ 14 പേർ മരുന്നടിക്കും
തൃശൂരിലെ പ്രശസ്തമായ കലാലയം. കഞ്ചാവ് വലിക്കുകയും വിപണനം ചെയ്തതുമായി ബന്ധപ്പെട്ട് 19 കാരനെ എക്സൈസ് പിടികൂടി. ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പയ്യനെ അനുനയിപ്പിച്ച് കാര്യങ്ങൾ ചോർത്തിയെടുക്കുകയായിരുന്നു ഉദ്യോഗസ്ഥന്റെ ലക്ഷ്യം. അവനുമായി കമ്പനിയായതോടെ കാര്യങ്ങൾ തത്ത പറയുന്നതു പോലെ പുറത്തേക്ക്. സർ, എന്റെ ക്ളാസിൽ 14 പേര് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കും. മൂന്നു പേർ പെൺകുട്ടികളും 11 പേർ ആൺകുട്ടികളുമാണ്. കോളേജിലെ 70 ശതമാനം പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഹോസ്റ്റലുകളിൽ നിരക്ക് 90 ശതമാനമാകും. തരിച്ചിരുന്ന ഡെപ്യൂട്ടി കമ്മിഷണർ അവനോട് ചോദിച്ചു. നിനക്ക് ഇതിൽ നിന്ന് മുക്തനാകേണ്ടേ. ആകണമെന്നുണ്ടെങ്കിലും നടക്കുന്നില്ലെന്നായിരുന്നു മറുപടി. ആ ഡെപ്യൂട്ടി കമ്മിഷണർ അവനെ മകനെപ്പോലെ കണ്ട് വീട്ടിൽ കൊണ്ടുപോയി. കൗൺസലിംഗിന് വിധേയനാക്കി. ലഹരിയിൽ നിന്ന് മുക്തനായ പയ്യൻ എല്ലാ ദിവസവും ഡെപ്യൂട്ടി കമ്മിഷണറെ വിളിക്കും. പ്രശസ്തമായ സ്വകാര്യ സ്ഥാപനത്തിൽ ജോലിയും ലഭിച്ചതോടെ പയ്യന്റെ വിവാഹവും ഉറപ്പിച്ചെന്ന് ഡെപ്യൂട്ടി കമ്മിഷണർ സന്തോഷത്തോടെ പറഞ്ഞു.
അരുംകൊലകൾ
വ്യക്തിവൈരാഗ്യങ്ങളും ബിസിനസ് വൈരങ്ങളും തുടങ്ങി കുടിപ്പകയും രാഷ്ട്രീയ വിദ്വേഷങ്ങളും വരെ തീർക്കാൻ ഗുണ്ടാസംഘങ്ങളെ ഉപയോഗപ്പെടുത്തുന്നത് വ്യാപകമായതോടെയാണ് ലഹരിക്കച്ചവടവും വർദ്ധിച്ചത്. അമിതമായി പലതരം ലഹരിവസ്തുക്കൾ നൽകി ചെറുപ്പക്കാരെ ചെകുത്താന്മാരാക്കിയാണ് അരുംകൊലകൾ ചെയ്യാൻ തള്ളിവിടുന്നത്. തലസ്ഥാനത്തുണ്ടായ അരുംകൊലകളിലെല്ലാം മയക്കുമരുന്ന് മാഫിയയുടെ കരങ്ങളുണ്ടായിരുന്നു. നിരവധി ഗുരുതര കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ലഹരിക്ക് അടിമകളായ കുട്ടികളുമുണ്ട്. ഫ്ലാറ്റുകളിലും ഹോട്ടലുകളിലും വിദ്യാർത്ഥിനികളടക്കം പങ്കെടുക്കുന്ന ലഹരിപാർട്ടികൾ സജീവമാണ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഫ്ലാറ്റുകളിൽ തമ്പടിച്ച് ലഹരിയുപയോഗിക്കുന്നതും പതിവ്. കഞ്ചാവ് ലേഹ്യവും തലസ്ഥാനത്ത് സുലഭമാണ്. ലഹരിവ്യാപാരത്തിന് മെട്രോനഗരമായ കൊച്ചിയെക്കാൾ വലിയ ശൃംഖലയാണ് തലസ്ഥാനത്തുള്ളത്.
( തുടരും )