ഭോപ്പാൽ: മദ്ധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് ഇന്നലെ പുറത്തുവിട്ടു. 27 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. രവീന്ദ്ര സിംഗ് തോമർ, മേവാറാം യാദവ്, രാം കിഷൻ പാട്ടേൽ എന്നിവരടക്കം 17 സ്ഥാനാർത്ഥികളുടെ പേരാണ് പുറത്ത് വിട്ടത്.
കഴിഞ്ഞ നാല് മാസത്തിനിടെ കോൺഗ്രസിലെ 25 എം.എൽ.എമാർ രാജി വയ്ക്കുകയും രണ്ട് നിയമസഭാംഗങ്ങൾ മരണപ്പെടുകയും ചെയ്തിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതാണ് പാർട്ടിയ്ക്ക് ഏറെ ക്ഷീണമായത്. ഉപതിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കാണ് പട്ടിക പുറത്ത് വിട്ടത്. ബാക്കി സ്ഥാനാർത്ഥികളുടെ പേരും ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.