ന്യൂഡൽഹി:രാജ്യത്ത് ആത്മഹത്യ ശ്രമം കുറ്റകരമാക്കുന്ന നിയമവും കുറ്റകരമല്ലാതാക്കുന്ന നിയമവും വിശദമായി പരിശോധിക്കാനായി സുപ്രീം കോടതി അമിക്കസ് ക്യൂറിയായി മുതിർന്ന അഭിഭാഷകൻ എ.എൻ.എസ്. നട്കാരിനിയെ നിയമിച്ചു. ഐ.പി.സി. 309 -ാം വകുപ്പ് പ്രകാരം ആത്മഹത്യ ശ്രമം കുറ്റകരമാണ്. എന്നാൽ 2017ലെ മാനസികാരോഗ്യ നിയമപ്രകാരം ആത്മഹത്യ ശ്രമം കുറ്റകരമാകുന്നില്ല.
സ്വയം മൃഗശാലയിലേക്ക് നടന്ന് പോയി മൃഗത്തിന്റെ ആക്രമണത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് പൊതുതാൽപര്യ ഹർജി പരിഗണിക്കവെ നിയമങ്ങളിലെ ഈ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ബോബ്ഡെ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് അറ്റോർണി ജനറലിന് നോട്ടീസും നൽകി.