പണ്ടേ തന്നെ കേരളം റെയിൽവേ അധികൃതരുടെ കണ്ണിലെ കരടാണ്. റെയിൽവേയുമായി ബന്ധപ്പെട്ട ഒരുവിധ വികസനവും കേരളത്തിൽ വേണ്ടെന്നാണ് നിലപാട്. പുതിയ പാതയുടെയും ട്രെയിനുകളുടെയും കാര്യത്തിൽ നിത്യ അവഗണനയാണ് എക്കാലവും. പാത നവീകരണമെന്ന പേരിൽ നാലഞ്ചു വർഷമായി പാസഞ്ചർ വണ്ടികൾ തുടരെത്തുടരെ റദ്ദാക്കി സാധാരണ യാത്രക്കാരെ ദ്രോഹിക്കുന്നതിൽ റെക്കാഡ് തന്നെ സ്ഥാപിച്ചുകൊണ്ടിരിക്കെയാണ് കൊവിഡ് എന്ന മഹാമാരി വരുന്നത്. സ്വാഭാവികമായും എല്ലാ മേഖലകളും നിശ്ചലമായ കൂട്ടത്തിൽ റെയിൽവേയും ഉൾപ്പെട്ടു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ഏറെ വന്നപ്പോഴാണ് സംസ്ഥാനത്ത് ഏതാനും ട്രെയിനുകൾ ഓടാൻ തുടങ്ങിയത്. ബസുകൾ ഹ്രസ്വദൂര സർവീസുകൾക്കായി പരിമിതപ്പെടുത്തിയതിനാൽ ഈ ട്രെയിനുകൾ യാത്രക്കാർക്ക് വളരെ പ്രയോജനകരമായി ഭവിക്കുകയും ചെയ്തു. എന്നാൽ റെയിൽവേയുടെ തലപ്പത്തിരിക്കുന്നവരുടെ ദ്രോഹബുദ്ധി കാരണം ഇവയുടെ ഓട്ടവും അനിശ്ചിതത്വത്തിലാവുകയാണ്.
യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ജനശതാബ്ദി, വേണാട് ട്രെയിനുകൾ ഇന്നു മുതൽ സർവീസ് നിറുത്തിവയ്ക്കുമെന്നായിരുന്നു അറിയിപ്പ്. ജനദ്രോഹകരമായ ഈ തീരുമാനം ഉപേക്ഷിക്കണമെന്ന് കാണിച്ച് സംസ്ഥാന സർക്കാരും എം.പിമാരും രാഷ്ട്രീയ നേതാക്കളും ബഹുജന സംഘടനകളുമൊക്കെ റെയിൽവേ മന്ത്രിക്കും മറ്റ് അധികൃതർക്കും കത്തുകളയച്ചു കാത്തിരിക്കുകയാണ്. ഇത് എഴുതുന്ന സമയത്തും റെയിൽവേ നിലപാടിൽ മാറ്റമുണ്ടായതായി സൂചനയൊന്നുമില്ല. തിരുവനന്തപുരം - കണ്ണൂർ, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസുകളും തിരുവനന്തപുരം - ഷൊർണ്ണൂർ വേണാട് എക്സ്പ്രസുമാണ് ഇന്നു മുതൽ ഓട്ടം നിറുത്തുമെന്ന് റെയിൽവേ അറിയിച്ചിരുന്നത്. ഈ കൊവിഡ് കാലത്ത് സംസ്ഥാനത്തിനകത്ത് ഓടിക്കൊണ്ടിരിക്കുന്ന ഈ ട്രെയിനുകൾ ദൂരയാത്രക്കാർക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഇവ അനിശ്ചിതകാലത്തേക്കു നിറുത്താനുള്ള തീരുമാനത്തിനു പറയുന്ന കാരണമാണ് ഏറ്റവും വിചിത്രം. ട്രെയിനുകൾ നിറയാൻ വേണ്ടത്ര യാത്രക്കാർ ഇല്ലത്രെ. കുറച്ചു യാത്രക്കാരുമായി ഓടേണ്ടിവരുന്നതിനാൽ റെയിൽവേയ്ക്കു വലിയ നഷ്ടമുണ്ടാകുന്നു. അതുകൊണ്ട് സ്ഥിതി മെച്ചപ്പെടുന്ന കാലം വരെ ഓട്ടം നിറുത്തുന്നു എന്നാണ് വിശദീകരണം. മഹാമാരിയുടെ പശ്ചാത്തലത്തിൽ യാത്രക്കാർ കുറവായതിന്റെ പേരിൽ യാത്രാമാർഗങ്ങൾ അടച്ചാൽ അതിന്റെ ദുരിതം കൂടി ഏറ്റുവാങ്ങേണ്ടത് സാധാരണക്കാർ തന്നെയാണല്ലോ. പലവിധ ആവശ്യങ്ങൾക്കായി ഇറങ്ങുന്ന അവർ എന്തുചെയ്യണമെന്നാണ് പറയുന്നത്. എല്ലാ മേഖലകളും നിയന്ത്രണം നീക്കി പ്രവർത്തനസജ്ജമാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആഹ്വാനം. നിത്യജീവിതവുമായി ബന്ധപ്പെട്ട മേഖലകളെല്ലാം കൂടുതൽ സജീവമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ സംസ്ഥാനത്ത് ആകെ ഓടിക്കൊണ്ടിരിക്കുന്ന മൂന്നു ദീർഘദൂര ട്രെയിനുകൾ യാത്രക്കാർ കുറവെന്ന പേരിൽ ഓട്ടം മതിയാക്കുന്നത് ജനങ്ങളോടു കാണിക്കുന്ന ധിക്കാരമാണ്. സാധാരണ ഘട്ടങ്ങളിലും സംസ്ഥാനത്ത് ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ മേലധികാരികൾ കണക്കിലേറെ ഉത്സാഹം കാണിച്ചിരുന്നതായി അറിയാം. എന്നാൽ ട്രെയിനുകൾ ഏറ്റവും അത്യാവശ്യമായ ഇപ്പോഴത്തെ സാഹചര്യത്തിൽ നഷ്ടക്കണക്കു പറഞ്ഞ് ജനശതാബ്ദി, വേണാട് വണ്ടികൾ നിറുത്തലാക്കുന്നതിന് ഒരു ന്യായീകരണവുമില്ല.
കൊവിഡ് നിയന്ത്രണങ്ങളിൽ പലതും ഇല്ലാതായിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ ഇനിയും പഴയ നിലയിലെത്തിയിട്ടില്ലെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. പലതും പൂർവ നിലയിലാകാൻ ഇനിയും ദിവസങ്ങളെടുക്കും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ യാത്രയ്ക്കു മുതിരാവൂ എന്ന് സർക്കാർ മുന്നറിയിപ്പുമുണ്ട്. രോഗവ്യാപനം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയുമാണ്. ഇതൊക്കെ മുൻപിലുള്ളപ്പോൾ മുൻകാലത്തെപ്പോലെ വെറുതെ യാത്ര ചെയ്യാൻ ആരും തയ്യാറാവുകയില്ല. കേരളത്തിൽ ഈ മൂന്നു ട്രെയിനുകൾ ഓടുന്നതു കൊണ്ടുമാത്രം റെയിൽവേ മുടിഞ്ഞുപോകുമെന്നു എങ്ങനെ കരുതാനാവും. മൊത്തം സീറ്റുകളിൽ മൂന്നിലൊരു ഭാഗം സീറ്റിലേ ആൾ പാടുള്ളൂ എന്ന നിബന്ധന വച്ചത് റെയിൽവേ തന്നെയാണ്. ആ നിലയ്ക്ക് 1200 സീറ്റുള്ള ട്രെയിനിൽ അത്രയും തന്നെ ആൾക്കാർ ഉണ്ടായിരിക്കണമെന്നു ശഠിക്കുന്നതെന്തിനാണ്? ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിനു ഒരു മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ ഹാജരായിരിക്കണമെന്ന റെയിൽവേ നിബന്ധനയും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നിട്ടും അറുന്നൂറിലേറെ യാത്രക്കാരുമായിട്ടാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ജനശതാബ്ദി ഓടിക്കൊണ്ടിരുന്നത്. ട്രെയിൻ യാത്രാസൗകര്യങ്ങൾ കേരളത്തിന് നിഷേധിക്കാൻ കാത്തിരിക്കുകയാണെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഒരു കാരണവശാലും ഇത് അനുവദിച്ചുകൊടുക്കരുത്. സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ജനങ്ങൾ ഒന്നാകെയും റെയിൽവേയുടെ ഈ ദ്രോഹ നടപടിക്കെതിരെ ശബ്ദമുയർത്തണം. തെറ്റായ തീരുമാനം പിൻവലിക്കണം.
ഓടുന്ന ട്രെയിനുകൾ നിറുത്തുന്നതിൽ മാത്രമല്ല, പുനരാരംഭിക്കാനുദ്ദേശിക്കുന്നവയുടെ കാര്യത്തിലും കേരളത്തെ പൂർണമായും അവഗണിച്ചതായി കാണാം. ലോക്ക് ഡൗൺ അഞ്ചാം ഇളവിൽ രാജ്യത്താകെ 80 സർവീസുകളാണ് പുനരാരംഭിക്കുന്നത്. അവയിൽ ഒന്നു പോലും കേരളത്തിലേക്കുള്ളവ ഇല്ല. അതേ സമയം അയൽ സംസ്ഥാനങ്ങൾക്ക് മെച്ചപ്പെട്ട പരിഗണന ലഭിച്ചിട്ടുമുണ്ട്.
ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുമ്പോഴും ട്രെയിൻ സർവീസുകളുടെ പുനരേകീകരണത്തിൽ ഏറ്റവുമധികം നഷ്ടമുണ്ടാകാൻ പോകുന്നത് കേരളത്തിനാകും. ഗ്രാമങ്ങളെയും ചെറു പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന ഒട്ടുമിക്ക പാസഞ്ചർ ട്രെയിനുകളും എന്നന്നേയ്ക്കുമായി റദ്ദാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു. പാസഞ്ചറുകൾ ബാദ്ധ്യതയായാണ് റെയിൽവേ കരുതുന്നത്. പ്രീമിയം ട്രെയിനുകൾ സ്വകാര്യ മേഖലയ്ക്ക് പാട്ടത്തിനു നൽകി വരുമാനം കൂട്ടാൻ ശ്രമിക്കുന്ന റെയിൽവേ സാധാരണ യാത്രക്കാരുടെ താത്പര്യങ്ങൾ പാടേ അവഗണിക്കുകയാണ്. സാധാരണക്കാരുടെ നിത്യജീവിതവുമായി ഏറെ ബന്ധമുള്ള പാസഞ്ചർ വണ്ടികൾ ഒന്നൊന്നായി പിൻവലിക്കപ്പെടുന്നതോടെ ഗ്രാമജീവിതവുമായി പതിറ്റാണ്ടുകൾ നീളുന്ന വലിയൊരു ചരിത്രബന്ധമാണ് ഇല്ലാതാകാൻ പോകുന്നത്. ജനജീവിതത്തിൽ റെയിൽവേയ്ക്കുള്ള അഭേദ്യബന്ധം തകർക്കുന്ന തീരുമാനങ്ങൾ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളാണ് തലതിരിഞ്ഞ ഈ നയത്തിന് ഏറ്റവുമധികം ഇരകളാകുന്നത്. റെയിൽവേ ഒരിക്കലും സാമൂഹ്യബാദ്ധ്യത മറന്നുകൂടാത്തതാണ്.