തിരുവനന്തപുരം: നയതന്ത്ര കാർഗോ എന്ന വ്യാജേന എത്തിച്ച കള്ളക്കടത്ത് കാർഗോയിൽ, മതഗ്രന്ഥങ്ങളുടെ മറവിൽ 14കിലോ സ്വർണം കടത്തിയെന്ന് കേന്ദ്രഅന്വേഷണ ഏജൻസികൾ നിലപാടെടുത്തതോടെ, മന്ത്രി കെ.ടി ജലീലിന്റെ കുരുക്ക് മുറുകി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്തതിനു പിന്നാലെ ദേശീയഅന്വേഷണഏജൻസിയും (എൻ.ഐ.എ) കസ്റ്റസും ജലീലിനെ ചോദ്യംചെയ്യും. അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ അന്വേഷണവും ജലീൽ നേരിടുന്നുണ്ട്.
മാർച്ച് നാലിന് യു.എ.ഇ കോൺസുലേറ്റിന്റെ പേരിലെത്തിയ 4479കിലോ കാർഗോ കള്ളക്കടത്താണെന്നാണ് ഇ.ഡി പറയുന്നത്. കോൺസുലേറ്റിലേക്കെത്തുന്ന 20ലക്ഷത്തിൽ താഴെയുള്ള പാഴ്സലുകൾക്ക് ഡ്യൂട്ടിയിളവ് നൽകാൻ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ടാക്സ് എക്സംപ്ഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. രേഖകൾ പ്രകാരം അങ്ങനെയൊന്ന് നൽകിയിട്ടില്ല. ഡിപ്ലോമാറ്റിക് കാർഗോ എന്ന് രേഖപ്പെടുത്തി, എക്സൈസ്, കസ്റ്റംസ് ഡ്യൂട്ടികൾ ഇളവുനൽകിയാണ് പാഴ്സൽ വിട്ടുനൽകിയത്. നികുതിയിളവിനായി സർക്കാരിന്റെ വ്യാജരേഖകൾ ഹാജരാക്കിയെന്നാണ് കണ്ടെത്തൽ. ഇതോടെ കാർഗോ കള്ളക്കടത്ത് നടത്തിയതാണെന്ന് വ്യക്തമായി. യു.എ.ഇയിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ട് പ്രകാരമാണ് മതഗ്രന്ഥങ്ങൾ അയച്ചതെന്നാണ് രേഖകളിൽ. വിദേശത്തേക്ക് മതഗ്രന്ഥം അയയ്ക്കാറില്ലെന്ന് യു.എ.ഇ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുവർഷമായി നയതന്ത്രകാർഗോയ്ക്ക് കോൺസുലേറ്റ് നികുതിയിളവ് തേടിയിട്ടില്ലെന്ന് പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴിയും ജലീലിന് കുരുക്കാണ്.
ജലീലിന്റെ പിഴവുകൾ
മന്ത്റിമാർ നേരിട്ടു വിദേശരാജ്യങ്ങളുടെ ഓഫിസുമായി ബന്ധപ്പെടരുതെന്ന നിർദേശം ജലീൽ പലവട്ടം ലംഘിച്ചെന്നും പ്രോട്ടോക്കോൾ ലംഘിച്ച് കോൺസുലേറ്റുമായി ഇടപെട്ടതായും അന്വേഷണസംഘം വിദേശകാര്യമന്ത്രാലയത്തിനു റിപ്പോർട്ട് നൽകി
2018നുശേഷം ജലീൽ യുഎഇ കോൺസുലേറ്റിൽ നിരവധി സ്വകാര്യ സന്ദർശനങ്ങൾ നടത്തി. ഇതും ചട്ടലംഘനം. സർക്കാർ സ്ഥാപനത്തിന്റെ വാഹനത്തിൽ മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് ഗുരുതര വീഴ്ച.
സംസ്ഥാന പ്റോട്ടോകോൾ ഓഫിസറെ ഒഴിവാക്കിയാണ് ജലീൽ യുഎഇ കോൺസുലേറ്റുമായി ബന്ധം സ്ഥാപിച്ചത്. മതഗ്റന്ഥങ്ങൾ സ്വീകരിച്ചതിനു പുറമേ മറ്റെന്തെങ്കിലും ഇടപാടുകളുണ്ടോയെന്ന് പരിശോധിക്കുന്നു.
വിദേശരാജ്യത്തിന് ഇവിടെ മതഗ്രന്ഥങ്ങൾ വിതരണംചെയ്യാനും കേന്ദ്രവിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി വേണ്ടതാണ്.